ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി

മലപ്പുറം: ഹോട്ടലുടമയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി.തൃശൂര്‍ ചെറുതുരുത്തിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട സിദ്ദീഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി ഓഫീസിലേക്ക് കാര്‍ മാറ്റി.


 അതേസമയം കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലായി. ചെന്നൈയില്‍ നിന്ന് അറസ്റ്റിലായ ഫര്‍ഹാനയുടെ സുഹൃത്ത് ആഷിഖിനെയാണ് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പണം പിൻവലിക്കുമ്ബോഴും ആഷിഖിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതോടെ കേസില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായി. 


അതേസമയം, മൃതദേഹം ഉപേക്ഷിച്ചെന്ന്കരുതുന്ന ട്രോളി ബാഗ് പുറത്തെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പിടിയിലായ ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെണ്‍സുഹൃത്ത് 18 വയസ്സുകാരിയായ ഫര്‍ഹാനക്കും വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന് സിദ്ധിഖിന്റെ ബന്ധുക്കളും സംശയം പറഞ്ഞിരുന്നു.


ഈ മാസം 18 നാണ് തിരൂര്‍ സ്വദേശിയായ സിദ്ധീഖ് ഒടുവില്‍ വീട്ടില്‍ നിന്ന് പോയത്. അന്ന് വൈകീട്ട് മുതല്‍ ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സിദ്ദീഖിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ പണം പിൻവലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഷിബിലിയെയും ഫര്‍ഹാനയെയും പിടികൂടിയത്.

പ്രതികള്‍ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച്‌ കൊലപാതകം നടത്തി മൃതദേഹം കഷ്ണങ്ങളായി മുറിച്ച്‌ ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലില്‍ പരിശോധന നടക്കും. തിരൂരിലെത്തിച്ച്‌ പ്രതികളെ ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.

Next Post Previous Post