ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്, പിന്നീട് കണ്ടതേയില്ല; പ്രതികള്‍ പുറത്തേക്ക് പോയി
കോഴിക്കോട്: ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖാണ് കൊലപാതകം നടന്ന ലോഡ്ജില്‍ ആദ്യം മുറിയെടുത്തതെന്നാണ് ഏറ്റവും ഒടുവിലെ വിവരം. ലോഡ്ജിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഇക്കാര്യം കണ്ടെത്തിയത്. മേയ് 18-ന് ലോഡ്ജിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തുകണ്ടിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
മേയ് 18-ാം തീയതി ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖായിരുന്നു. ഇതിനുശേഷമാണ് പ്രതികളായ ഷിബിലും ഫര്‍ഹാനയും ലോഡ്ജിലെത്തിയത്. 19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും മുറിയില്‍നിന്ന് പുറത്തേക്ക് പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 18-ാം തീയതി ലോഡ്ജ് മുറിയിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തേക്ക് കണ്ടിട്ടേയില്ലെന്നാണ് വിവരം.
കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സിദ്ദിഖിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. മേയ് 18-ാം തീയതി മുതല്‍ കാണാതായ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അന്നേദിവസവും തൊട്ടടുത്തദിവസങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപ പിന്‍വലിച്ചിരുന്നു. ഇതുസംബന്ധിച്ച് മകന് സന്ദേശം ലഭിച്ചതോടെയാണ് സംശയമുണ്ടായത്. മാത്രമല്ല, സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നതും സംശയത്തിനിടയാക്കി. ഇതോടെ സിദ്ദിഖിനെ കാണാനില്ലെന്ന് സ്ഥിരീകരിക്കുകയും കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.