ആദ്യ ബാഗില്‍ സിദ്ദീഖിന്റെ അരയ്ക്ക് മുകളിലുള്ള ഭാഗം, രണ്ടാമത്തേതില്‍ അരയ്ക്കു കീഴ്ഭാഗം; നടന്നത് ക്രൂരമായ കൊലപാതകം


മലപ്പുറം; ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂര്‍ സ്വദേശി സിദ്ദിഖിനെ(58)അ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗുകള്‍ കണ്ടെത്തി. അട്ടപ്പാടി ചുരം ഒമ്ബതാം വളവില്‍ നിന്ന് കണ്ടെത്തിയ ട്രോളി ബാഗുകളിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച്‌ രണ്ട് ബാഗുകളിലാക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു ബാഗില്‍ സിദ്ദിഖിൻ്റെ അരയ്ക്ക് മുകളിലേയ്ക്കുള്ള ഭാഗവും രണ്ടാമത്തേതില്‍ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. മലപ്പുറം എസ്‌പി സുജിത് ദാസ് അട്ടപ്പാടി ചുരത്തിലെത്തിയിട്ടുണ്ട്.


മൃതദേഹാവശിഷ്ടങ്ങള്‍ക്ക് ഏകദേശം ഒരാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ഈ മാസം 18നും 19നും ഇടയ്ക്കാണ് മരണം നടന്നിരിക്കുന്നതെന്നാണ് കരുതുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഷിബിലിയും ഫര്‍ഹാനയും കൂടാതെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആഷിഖ് എന്നയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകള്‍ കിടന്ന സ്ഥലം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.


ഇതിനിടെ പ്രാഥമിക അന്വേഷണത്തില്‍ നാലുപേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആഷിഖിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ചു. ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെക്കൂടാതെ ഷുക്കൂര്‍ എന്നയാളും തിരൂര്‍ പൊലീസിന്റെ കസറ്റഡിയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്. ചെന്നെെയില്‍ പിടിയിലായ ഷിബിലി, സുഹൃത്ത് ഫര്‍ഹാന എന്നിവരെ ട്രെയിൻ മാ‌ര്‍ഗം തിരൂര്‍ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

Next Post Previous Post