സിദ്ദിഖിന്റെ കൊലപാതകം : വിശ്വസിക്കാനാവാതെ നാട്ടുകാർ. റിയാദിൽനിന്ന് മടങ്ങിയെത്തിയത് അഞ്ചുകൊല്ലം മുമ്പ്, കോവിഡ് കാലത്താണ് കോഴിക്കോട് ഹോട്ടൽ തുടങ്ങിയത്.
തിരൂർ : വ്യാപാരി സിദ്ദിഖിന്റെ വേർപാട് വിശ്വസിക്കാനാവാതെ വീട്ടുകാരും നാട്ടുകാരും. കോഴിക്കോട് ഹോട്ടൽ നടത്തിവരികയായിരുന്ന സിദ്ദിഖ് സാധാരണ കോഴിക്കോട് ഹോട്ടലിലേക്ക് പോയാൽ ഒരാഴ്ച കഴിഞ്ഞാണ് വീട്ടിൽ വരാറുള്ളത്. ഒരാഴ്ചവന്നില്ലെങ്കിലും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുക പതിവാണ്.
കഴിഞ്ഞ 18-ന് രാവിലെ 11-ന് സിദ്ദിഖ് കോഴിക്കോട് ഒളവണ്ണയിലേക്ക് പോയി. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. പക്ഷേ പിന്നീട് സിദ്ദിഖിന്റെ അക്കൗണ്ടിലെ കാഷ് ബാലൻസ് മകൻ പരിശോധിച്ചപ്പോൾ പണം പിൻവലിച്ചതായും കണ്ടു. ഇതോടെ സംശയംതോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് സിദ്ദിഖിനെ കൊലപ്പെടുത്തിയ വാർത്തയാണ് പോലീസിൽനിന്ന് വീട്ടുകാർ അറിഞ്ഞത്. സിദ്ദിഖിന്റെ വിദേശത്തുള്ള മകൻ അവധിക്ക് നാട്ടിലെത്തി വീട്ടിലുണ്ടായിരുന്നു. കൊല്ലത്തേക്ക് വിവാഹംകഴിച്ചയച്ച അഭിഭാഷകയായ മകളും സിദ്ദിഖിന്റെ മറ്റു മക്കളുമെല്ലാം വീട്ടിൽത്തന്നെയുണ്ടായിരുന്നു ഈ ദുഃഖവാർത്ത അറിയുമ്പോൾ. ആ ഞെട്ടലിൽനിന്ന് ഈ കുടുംബമിതുവരെ കരകയറിയിട്ടില്ല.
മരണവാർത്ത അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും ഓരോന്നായി വീട്ടിലേക്കെത്തിത്തുടങ്ങി. ‘സിദ്ദിഖ് ഞങ്ങൾക്കെല്ലാം വേണ്ടപ്പെട്ടവനാണ്, നല്ല മനസ്സിനുടമയാണ്’ -എല്ലാവരും ഒരേേസ്വരത്തിൽ പറഞ്ഞു. എന്നാൽ മൃതദേഹം വെട്ടിമുറിക്കപ്പെട്ടതിനാലും പഴക്കംചെന്നതിനാലും നാട്ടുകാർക്കൊന്നും അവസാനമായി കാണാൻ കഴിഞ്ഞില്ല. എല്ലാവരും മൃതദേഹം ഖബറടക്കിയ തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദിലെത്തി മയ്യത്ത് നമസ്കാരത്തിൽ പങ്കെടുത്തു.
റിയാദിൽനിന്ന് മടങ്ങിയെത്തിയത് അഞ്ചുകൊല്ലം മുമ്പ്
തിരൂർ : റിയാദിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന സിദ്ദിഖ് അഞ്ചു വർഷം മുമ്പാണ് നാട്ടിലേക്കു വന്നത്. കോവിഡ് കാലത്താണ് കോഴിക്കോട് ഹോട്ടൽ തുടങ്ങിയത്.ഈ കെട്ടിടം 1990-ൽ സിദ്ദിഖ് വാങ്ങിയതായിരുന്നു. ഇവിടെ അഞ്ചു ജീവനക്കാരുണ്ട്. തന്റെ സ്വദേശമായ ഏഴൂർ പി.സി. പടിയിൽ രണ്ടു ഹോട്ടലുകൾ തുടങ്ങിയെങ്കിലും ലാഭകരമല്ലാത്തതിനാൽ പൂട്ടുകയായിരുന്നു.