സിദ്ദിഖിന്റെ മരണത്തില്‍ ദുരൂഹതകളേറെ; ഹോട്ടലില്‍ രണ്ടു മുറികള്‍ എടുത്തത് എന്തിന്?; കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണോ എന്ന സംശയമേറുന്നു, പരിശോധിക്കുമെന്ന് പൊലീസ്.


മലപ്പുറം: വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയെന്ന് പോലീസ്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ധിഖ് എന്തിന് പതിനഞ്ച് കിലോമീറ്ററോളം അകലെയുള്ള എരഞ്ഞിപ്പാലത്ത് ഹോട്ടലില്‍ മുറി എടുത്തത് എന്നതാണ് പ്രധാനമായും ഉയരുന്ന സംശയം. 

മാത്രമല്ല, സിദ്ധിഖ് രണ്ടു മുറികളാണ് ഹോട്ടലില്‍ ബുക്ക് ചെയ്തത്. ഇത് എന്തിനാണെന്നതും അന്വേഷണ സംഘം പരിശോധിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ് ആകാനുള്ള സാധ്യതയേറെ ആണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. 


വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തില്‍ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍വച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളില്‍ കണ്ടെത്തിയത് കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 


സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയത്. ഹോട്ടലിലെ ജീവനക്കാരാനായ ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് വീട്ടില്‍നിന്ന് പോയത്. ഹോട്ടലിലെ മേല്‍നോട്ടക്കാരനായിരുന്നു ഷിബിലി. മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. ഷിബിലിയ്ക്ക് കുറച്ചു ദിവസത്തെ ശമ്ബളം നല്‍കാനുണ്ടായിരുന്നു. അതു കൊടുത്ത് അവരെ കടയില്‍നിന്ന് ഒഴിവാക്കി. 


അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിദ്ദീഖ് കടയില്‍നിന്ന് പോയി. വൈകിട്ട് ഹോട്ടലിലെ സ്റ്റാഫ് സാധനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖിനെ വിളിച്ചപ്പോള്‍ തലശേരിയിലാണ്, വരാന്‍ വൈകും, നിങ്ങള്‍ തന്നെ സാധനങ്ങള്‍ വരുത്താനാണ് അവരോട് പറഞ്ഞത്. എന്നാല്‍, ഈ സമയം സിദ്ധിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിലേക്കുള്ള യാത്രയില്‍ ആയിരുന്നു. 18ന് രാത്രി ഏറെ വൈകിയാണ് ഹോട്ടല്‍ മുറിക്കുള്ളില്‍ കൊല നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. 18ന് രാത്രി സിദ്ധിഖിന്റെ ഫോണില്‍ നിന്ന് ഗൂഗിള്‍ പേ പണിമിടപാട് നടന്നിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചും സിദ്ധിഖിന്റെ അക്കൗണ്ടില്‍ നിന്ന് പ്രതികള്‍ പണം പിന്‍വലിച്ചിട്ടുണ്ട്.

Next Post Previous Post