സിദ്ധിഖിന്റെ കൊലക്കുപിന്നില്‍ ഫര്‍ഹാനയെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പ്.


കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ തിരൂര്‍ സ്വദേശി സിദ്ധിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് സംഭവത്തെ തുടര്‍ന്നെന്നു പോലീസ് സ്ഥിരീകരിച്ചു. പ്രതികള്‍ ഫര്‍ഹാനയെ ഉപയോഗിച്ച്‌ സിദ്ധിഖിനെ എരഞ്ഞിപ്പാലത്തെ ഹോട്ടലിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്നു മലപ്പുറം എസ് പി പി സുജിത് ദാസ് വ്യക്തമാക്കി.

സിദ്ധിഖിനെകൊണ്ടുതന്നെ ഇവിടെ മുറിയെടുപ്പിച്ചു. ഫര്‍ഹനയെ സിദ്ധിഖിനു നേരത്തെ പരിചയമുണ്ട്. ഫര്‍ഹാന പറഞ്ഞിട്ടാണ് ഷിബിലിക്ക് ഹോട്ടലില്‍ ജോലി നല്‍കിയതെന്നും വ്യക്തമായി.


ഹോട്ടല്‍ മുറിയില്‍ വച്ചു ഫര്‍ഹാനയോടൊപ്പം നഗ്ന ഫോട്ടോ എടുക്കാനുള്ള പ്രതികളുടെ നീക്കം സിദ്ധിഖ് തടയാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ സിദ്ധിഖ് നിലത്തു വീണു. അപ്പോള്‍ ആഷിഖ് നെഞ്ചില്‍ ആഞ്ഞുചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഷിബിലിയും ഫര്‍ഹാനയും കൈയ്യില്‍ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങള്‍ കരുതിയിരുന്നു.


ഫര്‍ഹാനയുടെ കൈവശം ഉണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച്‌ ഷിബിലി സിദ്ധിഖിന്റെ തലയില്‍ അടിക്കുകയും ചെയ്തു. ഇതിനു മുമ്ബെ പ്രതികള്‍ എ ടി എം പാസ് വേഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു. മരണം നടന്ന ശേഷം കുറ്റകൃത്യം ഒളിപ്പിക്കുന്നതിനായി ശ്രമം. ഇതിനായി ആദ്യം ഒരു ട്രോളി ബാഗ് കൊണ്ടുവന്നെങ്കിലും മൃതദേഹം അതില്‍ കയറ്റാന്‍ പറ്റിയില്ല.

അടുത്ത ദിവസം പുറത്തുപോയി മറ്റൊരു ട്രോളി ബാഗും കട്ടിങ്ങ് യന്ത്രവും വാങ്ങിക്കൊണ്ടുവന്നു. മൃതദേഹംമുറിച്ചു രണ്ടു ബാഗില്‍ നിറച്ച്‌ സിദ്ധിഖിന്റെ തന്നെ കാറില്‍ അട്ടപ്പാടിയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. മെയ് 18 നാണ് ഹോട്ടലില്‍ കൊല നടന്നത്. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

പോലീസ് തുടക്കം മുതല്‍ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചിരുന്നു. ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ചത് മുതല്‍ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. സിദ്ധിഖിനെ ഫര്‍ഹാനക്കൊപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫര്‍ഹാനയുടെയും ആഷിഖിന്റെയും പദ്ധതി.

ആഷിഖ് സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടിയപ്പോള്‍ ശ്വാസകോശത്തിലേറ്റ മുറിവാണു മരണത്തിനു കാരണമായത്. ശുചിമുറിക്കകത്ത് വെച്ചാണു മൃതദേഹം വെട്ടിമുറിച്ച്‌ ബാഗിലാക്കിയത്. മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ കൊണ്ടുപോയി തള്ളിയത്.


ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആവുകയും ചെയ്തു. തുടര്‍ന്ന് 22 ന് മകന്‍ പോലീസില്‍ പരാതി നല്‍കി. പിന്നീടുളള അന്വേഷണത്തിലാണ് സിദ്ദീഖിന്റെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്. പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ സിദ്ദിഖ് പറഞ്ഞ വിടുകയായിരുന്നുവെന്നും വ്യക്തമായി.


 ഇതിനു പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദീഖ് മുറിയെടുത്ത വിവരവും അന്വേഷണ സംഘത്തിന് കിട്ടി. സിദ്ദീഖിനെ കാണാതായ അന്ന് മുതല്‍ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്ന കാര്യം കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിക്കുകയും ചെയ്തു.പിന്നീട് ഷിബിലിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Next Post Previous Post