താനൂരിൽ ഓടുന്ന കാറിന് മുകളില്‍ മരക്കൊമ്ബ് വീണു; കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു
താനൂര്‍: വാഴക്കത്തെരു കൂനന്‍ പാലത്തില്‍ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4.30ഓടെയാണ് പാലത്തിന് വടക്ക് കനോലി കനാല്‍ തീരത്തെ പഴക്കമേറിയ വാകമരം പൊടുന്നനെ കടപുഴകിയത്. പാലം ഇറങ്ങുകയായിരുന്ന കാറിന്റെ പിന്‍ഭാഗത്തായി മരം വീണതാണ് രക്ഷയായത്.
കോഴിച്ചെനയില്‍ നിന്ന് പെരുന്നാള്‍ ആഘോഷത്തിന് തൂവല്‍ തീരത്തേക്ക് വരികയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് കാറിലുണ്ടായിരുന്നത്. വാഹനം ഭാഗികമായി തകര്‍ന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കില്ല. മരത്തിന്റെ വലിയ കൊമ്ബുകളും ചില്ലകളും വീതികുറഞ്ഞ പാലത്തിന് മുകളില്‍ നിറഞ്ഞു. വന്‍ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളായ യുവാക്കള്‍ കൊമ്ബും ചില്ലകളും വെട്ടിമാറ്റി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി.
പൊലീസ്, അഗ്നിരക്ഷ സേന, ട്രോമാ കെയര്‍ വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വൈകുന്നേരം ആറു വരെഅങ്ങാടിയിലേക്കുള്ള വാഹന ഗതാഗതവും മുടങ്ങി. പൊലിസ് സ്റ്റേഷന് മുന്നില്‍ നിന്ന് ബ്ലോക്ക് ഓഫിസ് വഴി തീരത്തേക്ക് വാഹനങ്ങള്‍ കടത്തി വിട്ടു. രാത്രിയോടെ അപകടത്തില്‍പ്പെട്ട വാഹനം നീക്കം ചെയ്തു.