കൊടെക്കനാലിൽ നിന്ന് മടങ്ങുന്ന രണ്ട് തിരൂർ സ്വദേശികൾ അപകടത്തിൽ മരണപ്പെട്ടു
തൃശൂര്‍: നാട്ടികയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 4 പേരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കാറില്‍ 6 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. നാട്ടിക സെന്‍്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നും വന്നിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച മുഹമ്മദ്ദ് റിയാന്‍റെ മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും, സഫ് വാന്‍റെ മൃതദേഹം തൃശ്ശൂര്‍ മദര്‍ ആശുപത്രിയിലുമാണുള്ളത്. ഗുരുതരമായി പരിക്കേറ്റ അനസ് , മുഹമ്മദ് ബിലാല്‍ , ഷിയാന്‍, ജുറെെദ് എന്നിവര്‍ ചികിത്സയിലാണ്. വലപ്പാട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ മേഖലയില്‍ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് 11കാരി ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്.