തിരൂരിൽ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ; യുവതിയും സുഹൃത്തും അറസ്റ്റിൽ.
തിരൂര്‍: രജിസ്ട്രേഷന്‍ ഇല്ലാതെ തിരൂര്‍ പൂക്കയിലില്‍ വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തുകയും മരുന്നുകള്‍ നല്‍കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മടത്തറ സ്വദേശിനി ഹിസാന മന്‍സില്‍ സോഫി മോള്‍ (46), സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീര്‍ (55) എന്നിവരെയാണ് പിടികൂടിയത്.
ചാവക്കാട് സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നടത്തവേയാണ് പൂക്കയില്‍ തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.സമൂഹ മാധ്യമത്തിലൂടെ പരസ്യം നല്‍കി ആളുകളെ ആകര്‍ഷിക്കുകയും ചികിത്സ നല്‍കുകയും ആയിരുന്നു ഇവര്‍. മൈഗ്രൈന്‍ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്.
മുൻപ് രണ്ടു കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോളെന്ന് പൊലീസ് പറഞ്ഞു.എസ്.ഐമാരായ പ്രദീപ് കുമാര്‍, ശശി, ഹരിദാസ്, എ.എസ്.ഐ പ്രതീഷ് കുമാര്‍, സി.പി.ഒമാരായ അരുണ്‍, ദില്‍ജിത്ത്, രമ്യ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.