മോഷണശ്രമത്തിനിടെ യുവാക്കൾ പോലീസ് പിടിയിൽ


പരപ്പനങ്ങാടി: ബൈക്ക് മോഷ്ടാക്കളെ പിടികൂടാനുള്ള പട്രോളിങ്ങിനിടെ പൊലീസിന്റെ കൈയിലകപ്പെട്ടത് മോഷണത്തിനെത്തിയ രണ്ടുപേര്‍. നേരത്തെ കളവ് കേസുകളില്‍ പ്രതിയായ മലപ്പുറം കോഡൂര്‍ എന്‍.കെ പടി അബ്ദുല്‍ ജലീല്‍ (31), കര്‍ണാടക കെ.ഐ നഗര്‍ അസീസിയ ക്വാര്‍ട്ടേഴ്സിലെ അക്ബര്‍ ഷുഹൈബ് (22) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. 


പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ ബൈക്ക് മോഷണം നടക്കുന്നതായ പരാതിയില്‍ പൊലീസ് സമീപ സ്ഥലങ്ങളില്‍ പരിശോധന നടത്തവെ സമീപത്തെ സ്കൂള്‍ മൈതാനത്തേക്ക് എടുത്തുചാടിയ യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇവരുടെ പൂര്‍വ മോഷണ പശ്ചാത്തലം പുറത്തുവന്നു. പരപ്പനങ്ങാടിയില്‍ ഇവര്‍ മോഷണത്തിനെത്തിയാതാെണന്നും പൊലീസ് പറഞ്ഞു. 


മലപ്പുറം പൊലീസ് സ്റ്റേഷനിലെ ആറ് കളവ് കേസില്‍ പ്രതിയായ ജലീലിനെയും കര്‍ണാടകയിലെ മൂന്നു കളവ് കേസുകളില്‍ പ്രതിയായ ശുഹൈബിനെയും പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Next Post Previous Post