വട്ടപ്പാറ വളവില്‍ സവാള ലോറി മറിഞ്ഞ് 3 പേര്‍ മരിച്ചു.


വളാഞ്ചേരി: മലപ്പുറം വട്ടപ്പാറ വളവില്‍ സവാള ലോറി മറിഞ്ഞ് 3 പേര്‍ മരിച്ചു. വട്ടപ്പാറ വളവില്‍ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മണ്ണാർക്കാട് സ്വദേശി  വി. ശരത് (29), ചാലക്കുടി സ്വദേശി ഉണ്ണികൃഷ്ണൻ (55), അരുൺ (28) എന്നിവരാണ് മരണപ്പെട്ടത്. കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. 

സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവില്‍വച്ച്‌ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു ലോറിയുടെ ക്യാബിനില്‍ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് വിവരം വളാഞ്ചേരി പോലീസിനെയും ഫയര്‍ ഫോഴ്സിനെയും അറിയിച്ചത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ലോറിയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ സാധിച്ചില്ല.

ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്യാബിന്‍ വെട്ടിപ്പൊളിച്ചു ഇവരെ പുറത്തെടുക്കാനായത്. മൂന്നു പേരെയും നടക്കാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെഎല്‍ 30 ഡി 0759 നമ്ബറിലുള്ള ഹെവി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി അപകടത്തില്‍പ്പെടാനുള്ള കാരണം പോലീസ് പരിശോധിച്ചു വരികയാണ്. മരണപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 


Next Post Previous Post