വിവാഹത്തിന് വരന്‍ എത്തിയില്ല: ഒടുവിൽ വിവാഹ ചടങ്ങിനെത്തിയ യുവാവ് മിന്നുകെട്ടി

wedding-news-alappuzha
ആലപ്പുഴ: വിവാഹ സമയം ആയിട്ടും വരന്‍ എത്താത്തതിനെ തുടർന്ന് യുവതിയെ പ്രദേശവാസിയായ പൊതു പ്രവര്‍ത്തകന്‍ വിവാഹം കഴിച്ചു. ആലപ്പുഴ - ചേര്‍ത്തല അരുക്കുറ്റി നദ് വത്ത് നഗറിലാണ് സംഭവം. തലയോലപറമ്പ് സ്വദേശിയായ 29കാരനാണ് നിക്കാഹ് സമയത്ത് ചടങ്ങിന് എത്താതിരുന്നത് .ഇതോടെ വിവാഹ ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വിഷമവൃത്തത്തിലായി. ഇതറിഞ്ഞ പ്രദേശവാസിയായ പൊതുപ്രവര്‍ത്തകന്‍ യുവതിയെ വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന യുവാവിനെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് തലയോലപറമ്പ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. തലയോലപറമ്പ് നദ് വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുമീര്‍ വിവാഹം കഴിച്ചത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വരനെ കാണാതായ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുമീര്‍ ഫാത്തിമയെ വിവാഹം കഴിക്കാമെന്ന് അറിയിക്കുകയായിരുന്നു. നദ് വത്ത് നഗര്‍ കെ കെ പി ജെ ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.

Next Post Previous Post