അഞ്ചാംപനി പ്രതിരോധത്തിന് പരപ്പനങ്ങാടിയിൽ ശക്തമായ നടപടികൾ ആരംഭിച്ചു

strong-measures-have-been-started-in-parapanangadi-for-measles-prevention
പരപ്പനങ്ങാടി: മീസല്‍സ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം ശക്തമായ നടപടികൾ ആരംഭിച്ചു വരുന്നതിന്റെ ഭാഗമായി നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആശാ പ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ വാക്‌സിനേഷന്‍ വിമുഖതയകറ്റാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ ഈ പരിശീലന പരിപാടി പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എ.നഫീസയുടെ അദ്ധ്യക്ഷതയിൽ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ആശങ്കവേണ്ട, വാക്‌സിനേഷനോട് വിമുഖത അരുത്.
വാക്‌സിനേഷന്‍ വിമുഖതയകറ്റാന്‍ പ്രത്യേക കാമ്പയിന്‍.


ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ് സ്വാഗതവും, പബ്ലിക് ഹെൽത്ത് നേഴ്സ് ഇൻചാർജ് ജയന്തികുമാരി.സി.ബി നന്ദിയും പറഞ്ഞു. പി.ആർ.ഒ/ലൈസൻ ഓഫീസർ ധനയൻ.കെ.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോയി. എഫ്, പ്രദീപ്കുമാർ.എ.വി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജിഷി.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും കുട്ടികള്‍ക്ക് കൃത്യമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹെൽത്ത് സൂപ്പർവൈസർ അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടറെ അന്വേഷണത്തിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതുകൂടാതെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ ജില്ലയിൽ എത്തിയിട്ടുണ്ട്.

അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസല്‍സ്, റുബല്ല അഥവാ എംആര്‍ വാക്‌സിന്‍ നല്‍കുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് സാധാരണ എംആര്‍ വാക്‌സിന്‍ നല്‍കുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടന്‍ ആദ്യ ഡോസ് എംആര്‍ വാക്‌സിനും പതിനാറാം മാസം കഴിഞ്ഞാലുടന്‍ രണ്ടാം ഡോസും നല്‍കണം. എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികള്‍ക്ക് 5 വയസുവരെ വാക്‌സിന്‍ എടുക്കാവുന്നതാണ്. ജില്ലയില്‍ മതിയായ എംആര്‍ വാക്‌സിനും വിറ്റാമിന്‍ എ സിറപ്പും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്.

അഞ്ചാംപനി അഥവാ മീസല്‍സ്


measles
ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി. ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. എങ്കിലും കൗമാര പ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്.

രോഗ ലക്ഷണങ്ങള്‍


പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. മൂന്നുനാലു ദിവസം കഴിയുമ്പോള്‍ ദേഹമാസകലം ചുവന്ന തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന ഇവയുണ്ടാകും.

രോഗം പകരുന്നത് എങ്ങനെ


അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം.

അഞ്ചാം പനി കാരണം ഉണ്ടാകാവുന്ന സങ്കീര്‍ണതകള്‍


അഞ്ചാം പനി കാരണം എറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണം, ന്യൂമോണിയ, ചെവിയില്‍ പഴുപ്പ് എന്നിവയാണ്. ഈ പഴുപ്പ് യഥാവിധം ചികില്‍സിച്ചില്ലെങ്കില്‍ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എയുടെ കുറവും ഇത്തരം സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കും.

എങ്ങനെ തടയാം


എംആര്‍ വാക്‌സിന്‍ കൃത്യമായി എടുക്കുകയാണ് ഈ രോഗത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്ന പ്രധാന മാര്‍ഗം.

തുടർന്ന് വരുന്ന ദിവസങ്ങളിൽ കഴിയുന്നത്ര ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കാനും മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു

Next Post Previous Post