കാസര്‍കോട്ട് ലഹരിക്ക് അടിമയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു എന്ന പ്രചാരണം വ്യാജം

killed-drug-addict-young-woman-in-kasargod-throat-is-false-news
കാസര്‍കോട്ട് മയക്കുമരുന്നിന് അടിമയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കും അതോടപ്പം പ്രചരിക്കുന്ന വീഡിയോക്കും ഒരു അടിസ്ഥാനവും ഇല്ലെന്ന് കാസർകോട്ടെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ ഇതുസംബന്ധമായി കാസർക്കോട്ടെ വിവിധ മാധ്യങ്ങളുടെ ഓഫീസിലേക്കും പോലീസ് സ്റ്റേഷനിലേക്കും തുടർച്ചയായി അന്വേഷണങ്ങൾ വരുന്നുണ്ട്.

ഒരു പെണ്‍കുട്ടിയുടെ ചിത്രവും കഴുത്ത് ഇല്ലാത്ത യുവതിയുടെ മൃതദേഹത്തിന്റെ വീഡിയോയും സഹിതമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടന്നുവരുന്നത്. എന്നാല്‍ ഇങ്ങനെയുള്ള സംഭവം കാസർക്കോട് ജില്ലയില്‍ ഒരിടത്തും നടന്നിട്ടില്ലെന്ന് അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

ഏതോ കുബുദ്ധിയില്‍ വിരിഞ്ഞ വ്യാജവാര്‍ത്തയാണിതെന്നും ആളുകളെ കബളിപ്പിക്കാന്‍ ചെയ്തതാണ് ഇതെന്നുമാണ് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കാസർകോട്ടെ ഒരു പ്രാദേശി ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ആളുകളില്‍ ഭീതിയും ആശങ്കയും ഉളവാക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ പോലീസ് സൈബറിടങ്ങളില്‍ തന്നെ നിരീക്ഷിച്ചു വരുന്നുണ്ടെന്നും ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ആധികാരികത ഇല്ലാത്തതും വ്യാജമാണെന്ന് സംശയമുള്ളതുമായ ഇത്തരം കാര്യങ്ങള്‍ ആരും പ്രചരിപ്പിക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഇതുസംബന്ധിച്ച വാർത്തയുമായി പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Next Post Previous Post