കട ഉടമയുടെ പരിചയക്കാരന്‍ എന്ന വ്യാജേനെ ജീവനക്കാരനെ കബളിപ്പിച്ച് പണം കവർന്നു

he-cheated-the-store-employee-and-robbed-him-of-money
തിരൂരങ്ങാടി: കട ഉടമയുടെ പരിചയക്കാരന്‍ എന്ന വ്യാജേനെ ജീവനക്കാരനെ കബളിപ്പിച്ച് പണം കവർന്നു. ചെമ്മാട് ബ്ലോക്ക് റോഡിൽ പ്രവർത്തിക്കുന്ന ഒലീവ് ട്രേഡേഴ്‌സിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11.30 ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് ജീവനക്കാരനെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. ഉടമ ഏതാനും ദിവസങ്ങളായി ആശുപത്രിയിലായതിനാല്‍ ജീവനക്കാരന്‍ മാത്രമാണ് കടയിലുണ്ടായിരുന്നത്. സ്കൂട്ടറിലെത്തിയ യുവാവ് ഉടമയെ അന്വേഷിക്കുകയും തൊട്ടപ്പുറത്തുള്ള പഴക്കടയില്‍ ഉണ്ടായിരുന്ന ആളായിരുന്നുവെന്നും പറഞ്ഞു ജീവനക്കാരനോട് സ്വയം പരാജയപ്പെടുത്തി. സംശയം തോന്നാത്തവിധം ജീവനക്കാരനെ നേരത്തെ പരിചയമുള്ളത് പോലെയായിരുന്നു യുവാവിന്റെ സംസാരവും പെരുമാറ്റവും.

തുടർന്ന് ഉടമയില്‍ നിന്നും 500 ന്റെ നോട്ടുകൾ വാങ്ങി 2000 രൂപയാക്കി നല്‍കാറുണ്ടെന്നും അതിനായി 500 ന്റെ നോട്ടുകള്‍ തരാനും യുവാവ്ആവശ്യപ്പെട്ടു. ജീവനക്കാരന്‍ നല്‍കാൻ തയാറായില്ല. എന്നാൽ ഉടമയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ കടയിലെ ഫോണില്‍ നിന്ന് ഉടമയുടെ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം യുവാവിന് ഫോണ്‍ നല്‍കി. പുറത്തിറങ്ങി ഉടമയോട് സംസാരിച്ച ശേഷം ഫോണ്‍ തിരികെ നല്‍കി. തുടർന്ന് ഉടമ കൗണ്ടറിൽ ഉള്ള 500 ന്റെ നോട്ടുകള്‍ തരാന്‍ പറഞ്ഞതായി ജീവനക്കാരനോട് പറഞ്ഞു. ജീവനക്കാരന്‍ 500 ന്റെ നോട്ടുകള്‍ ഉള്ളത് യുവാവിന് നല്‍കി. 15000 രൂപയുണ്ടായിരുന്നു. സംശയമുണ്ടെങ്കില്‍ വണ്ടിയുടെ നമ്പര്‍ എടുത്തു വെച്ചോ എന്നും പറഞ്ഞു ഫോണ്‍ വാങ്ങി ബൈക്കിന്റെ നമ്പര്‍ ഫോട്ടോ എടുത്തു നല്‍കുകയും ചെയ്തു. പക്ഷെ അത് വ്യക്തമായി കാണാന്‍ പറ്റാത്ത തരത്തിലായിരുന്നു ഫോട്ടോ എടുത്തിരുന്നതെന്ന് പിന്നീടാണ് മനസ്സിലായത്.
robbed
അടുത്ത ദിവസം കളക്ഷന് നല്‍കാന്‍ കാശ് ഉണ്ടാകില്ലെന്ന് പറയാന്‍ ജീവനക്കാരന്‍ ഉടമയെ വിളിച്ചപ്പോഴാണ് തട്ടിപ്പ് ആയിരുന്നെന്ന് അറിഞ്ഞത്. ബസ് ഡ്രൈവര്‍ ആണെന്നും നിങ്ങളുടെ സുഖവിവരം അറിയാന്‍ വിളിച്ചതായിരുന്നു എന്നുമാണത്രെ ഇയാള്‍ ഉടമയോട് പറഞ്ഞിരുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവിന്റെ വീഡിയോ ലഭിച്ചിട്ടുണ്ട്. ബൈക്കിന് മുന്‍ഭാഗത്ത് നമ്പര്‍ ബോര്‍ഡ് ഉണ്ടായിരുന്നില്ല. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Post Previous Post