80 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്; മലപ്പുറം സ്വദേശി അറസ്റ്റിൽ

80-crore-tax-evasion
മലപ്പുറം: വ്യാജ രേഖകള്‍ ഉണ്ടാക്കി 80 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി രാഹുലിനെ (28) ആണ് തൃശ്ശൂര്‍ നികുതി വകുപ്പ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത ചരക്കുകള്‍ കൈമാറ്റം ചെയ്തതായി കാണിച്ച് വ്യജ  ബില്ലുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

കൊട്ടടക്ക വ്യാപാരത്തിന്റെ വ്യാജ രജിസ്റ്ററേഷൻ ഉപയോഗിച്ചായിരുന്നു രാഹുലും സംഘവും ഭീമമായ നികുതി വെട്ടിപ്പ് നടത്തികൊണ്ടിരുന്നത്. ഇതേ കേസില്‍ മലപ്പുറം സ്വദേശി ബനീഷിനെ കഴിഞ്ഞ ഡിസംബറില്‍ നികുതി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ബനീഷ് ഇപ്പോൾ ജാമ്യത്തിലാണ്.

ബനീഷിനെ നികുതിവെട്ടിപ്പിന് സഹായിച്ച്‌ ഇ-വേ ബില്ലുകളും വ്യാജരേഖകളും നിർമിച്ച് നൽകിയത് രാഹുലാണ്. വ്യാജ രജിസ്ട്രേഷനുകള്‍ ഉണ്ടാക്കി നികുതി വെട്ടിപ്പിന്റെ ശൃംഖല ഉണ്ടാക്കാനും രാഹുല്‍ പങ്കാളിയായി. കഴിഞ്ഞ ഡിസംബറിനുശേഷം രാഹുല്‍ ഒളിവിലായിരുന്നു. സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന പ്രതിയെ തൃശ്ശൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ സഹായത്തോടെ ജാമ്യമില്ലാ വാറന്‍ഡില്‍ പിടികൂടിയാണ് അറസ്റ്റ് ചെയ്തത്.

Next Post Previous Post