പള്ളി വികാരിയുടെ വീട്ടിലെ മോഷണം; മകൻ അറസ്റ്റില്‍

പള്ളി വികാരിയുടെ വീട്ടിലെ മോഷണം; മകൻ അറസ്റ്റില്‍
കോട്ടയം: പാമ്പാടിയില്‍ പള്ളി വികാരിയുടെ വീട്ടില്‍ നടന്ന സ്വർണ്ണാഭരണ മോഷണ കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാൻ കോശി (35) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടി പോലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു. തുടർന്ന് സ്വർണം ഒളിപ്പിച്ചുവെച്ച കടയിൽ എത്തി തെളിവെടുപ്പ് നടത്തി സ്വർണം പ്രതിയിൽ നിന്നും കണ്ടെടുത്തു

സിസിടിവി ദൃശ്യങ്ങൾ അടക്കം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബാംഗങ്ങൾക്ക് തന്നെ മോഷണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഫ്‌ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. കൂടാതെ വീട്ടിൽ മുളക് പൊടി വിതറുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. പുറത്ത്നിന്നുള്ളവരാണ് മോഷണം നടത്തിയത് എന്ന് വരുത്തിതീർക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

തനിക്കുള്ള കടങ്ങൾ വീട്ടുന്നതിന് വേണ്ടിയാണ് സ്വന്തം വീട്ടിൽ തന്നെ മോഷണം നടത്തിയതെന്ന് ശൈനോ നൈനാൻ നൽകിയ മൊഴിയിൽ പറയുന്നു. മോഷ്ടിച്ച ആഭരണങ്ങളില്‍ ഏറിയ പങ്കും സഹോദരന്റെ ഭാര്യയുടെതാണ്. സഹോദരനും ഭാര്യയും വിദേശത്താണ് ജോലി. പാമ്പാടി കൂരോപ്പട എളപ്പനാൽ പടിയിലെ വീട്ടിൽ സ്വർണം സൂക്ഷിച്ചാണ് ഇവർ വിദേശത്തേക്ക് പോയത്. വീടിന് തൊട്ടുമുൻപിൽ കട നടത്തി വരികയായിരുന്നു പ്രതി. ഇതിനിടെയാണ് ഇയാള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായത്. ഇതോടെ സ്വന്തം വീട്ടില്‍ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് ഷൈനു പോലീസിനോട് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം നാലരക്കും ഏഴുമണിക്കും ഇടയിലാണ് തൃക്കോതമംഗലം പള്ളി വികാരി ഫാദർ ജേക്കബ് നൈനാന്റെ എളപ്പനാൽ പടിയിലെ വീട്ടിൽ മോഷണം നടന്നത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂരോപ്പടയിലെ വീട്ടിലെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങിയത്.

Next Post Previous Post