തോമസ് ഐസക്കിന് നോട്ടീസ് നൽകാൻ ഇ.ഡിക്ക് അധികാരമില്ല - ഇ.ഡിയെ തള്ളി വി.ഡി സതീശന്‍

ed-has-no-power-to-issue-notice-to-thomas-isaac-vd-satheesan
തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണം തള്ളി പ്രതിപക്ഷം. മുൻ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് നൽകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശപറഞ്ഞു. തോമസ് ഐസക്കിന് നോട്ടീസ് നൽകാൻ ഇ.ഡിക്ക് അധികാരമില്ല. ഇ.ഡിയുടെ അധികാര പരിധിയിൽ കിഫ്ബിയും മസാല ബോണ്ടും വരില്ല. കള്ളപ്പണം വെളുപ്പിക്കലിൽ മാത്രമാണ് ഇ.ഡിക്ക് ഇടപെടാൻ കഴിയുക. വിദേശത്ത് പോയി കൂടുതൽ പലിശക്ക് പണം കടമെടുത്തെന്നാണ് ആക്ഷേപം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കിന് ഇ.ഡി അയച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

റോഡിലെ കുഴി അടക്കണമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. മന്ത്രി റോഡിൽ കുഴിയുണ്ടെന്ന് സമ്മതിക്കുന്നില്ല. പ്രതിപക്ഷം തെറ്റ് ചൂണ്ടിക്കാണിച്ചതാണ്. പൊതുമരാമത്ത് മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ല. റോഡിൽ കുഴിയുണ്ടെന്ന് പറയുമ്പോൾ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി പറയുന്നു. വസ്തുത എന്തെന്ന് എല്ലാവർക്കും അറിയാമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പി.കെ. ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. എ.കെ.ജി. സെന്‍റർ ആക്രമണത്തെ കുറിച്ചുള്ള പി.കെ. ശ്രീമതിയുടെ പരാമർശത്തെയാണ് വിമർശിച്ചത്. പ്രസ്താവനയിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ പിൻവലിക്കാൻ മടിയില്ലെന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നിയമസഭ വിളിച്ചു ചേർക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ലോകായുക്ത ഭേദഗതി എതിർക്കും.സിപിഐ സഭയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് അറിയില്ല. പ്രതിപക്ഷം എതിർക്കുമെന്ന് വി.ഡി സതീശന്‍‌ വ്യക്തമാക്കി. ബഫർസോൺ സംബന്ധിച്ച് പുതിയ ഉത്തരവ് അവ്യക്തത നിറഞ്ഞതാണ്. ഇത് പ്രകാരം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സാധിക്കില്ല. സർക്കാരിന് പിടിവാശിയാണ്. 2019ലെ ഉത്തരവ് റദ്ദ് ചെയ്യണം. ഉത്തരവിൽ വ്യക്തത വരുത്താതെ സുപ്രിംകോടതിയെ സമീപിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Next Post Previous Post