ഗൂഗ്ൾ റോഡ് മാപ്പ് വഴിതെറ്റിച്ചു; കാർ ഓടിഎത്തിയത് തോട്ടിലേക്ക്, ഡോക്ടറും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

drove-the-car-to-river-after-looking-at-the-google-road-map
കോട്ടയം: ഗൂഗ്ൾ റോഡ് മാപ്പ് നോക്കി വനിതാ ഡോക്ടറും കുടുംബവും സഞ്ചരിച്ച കാർ തോട്ടിലേക്ക് ഇറങ്ങി ഒഴുകി. നിറയെ വെള്ളമുണ്ടായിരുന്ന തോട്ടിലേക്ക് ഇറങ്ങി ഒഴുകിയ കാറിൽ നിന്നും കുടുംബത്തെ നാട്ടുകാർ രക്ഷപെടുത്തി. തിരുവല്ല കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരുവാതുക്കലിനു സമീപം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവർ ഗൂഗിൾ മാപ്പ് നോക്കിയാണ് കാർ ഓടിച്ചിരുന്നത്. ഇതിനിടെ വഴി തെറ്റിയ ഇവർ പാറേച്ചാൽ ബൈപ്പാസിൽ എത്തി ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ വെള്ളത്തിന്റെ ഒഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് കാർ സമീപത്തെ നിറയെ വെള്ളം ഉണ്ടായിരുന്ന തോട്ടിലേക്ക് വഴി തെറ്റി ഇറങ്ങുകയായിരുന്നു. കാർ ഏകദേശം 300 മീറ്റർ തോട്ടിലൂടെ ഒഴുകിനീങ്ങി.

യാത്രക്കാർ നിലവിളിക്കുകയും കാറിന്റെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം ശബ്ദം കേട്ട് എത്തിയത്. ഒഴുകികൊണ്ടിരുന്ന കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നു മനു മർക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിരക്ഷാ സേനാ സേനയും സ്ഥലത്ത് എത്തി. സംഭവത്തിൽ ആർക്കുംപരിക്കില്ല.