കേരളത്തിൽ ഇന്ന് വ്യാപക മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

widespread-rain-likely-in-kerala-today
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപക മഴക്ക് സാധ്യതയുളളതിനാൽ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജൂലൈ ആറ് വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്

ജൂലൈ രണ്ടോടെ കാലവർഷം രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ വർഷം നേരത്തേയാണ് കാലവർഷം രാജ്യവ്യാപകമാകുന്നത്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷക്ക് മുകളിൽ ഇത് ന്യൂന മർദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ജൂലൈ അഞ്ച്, ആറ് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.