അബുദാബിയില്‍ യുവതി മരിച്ചതില്‍ ദുരൂഹത; നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി

mysterious-death-of-a-young-woman-in-abu-dhabi
കുറ്റിപ്പുറം: അബൂദബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചയുവതിയുടെ മൃതദേഹം നാട്ടിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. എടക്കുളം സ്വദേശിയും കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനി പടിയിലെ താമസക്കാരുമായ കുനക്കാട്ട് അബൂബക്കർ ഫാത്തിമ ദമ്പതികളുടെ മകൾ അഫീല(27) ലയുടെ മൃതദേഹമാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ രാവില അബൂദബിയിൽ നിന്ന് എത്തിച്ച മൃതദേഹം വിമാനത്താവളത്തിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിക്കുകയായിരുന്നു.

ആനങ്ങാടി കടലുണ്ടി നഗരം സ്വദേശി വയൽപീടിയേക്കൽ മുഹമ്മദ് റാസിഖിന്റെ ഭാര്യയായ അഫീല ജൂൺ 11ന് ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. റാസിഖ് നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുകൾ തോന്നിയ യുവതിയുടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് യു.എ.ഇയിലെ ഇന്ത്യൻ എംബസിക്കും മലപ്പുറം എസ്.പി, തിരൂർ ഡിവൈ.എസ്.പി എന്നിവർക്കും പരാതി നൽകി. ഇതേതുടർന്ന് നാട്ടിൽ എത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചു. തിരൂർ തഹസിൽദാർ പി. ഉണ്ണിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പോലിസ് ഇൻക്വസ്റ്റ് നടത്തി.

അതേസമയം, യുവതിയെ മുഹമ്മദ് റാസിഖ് ക്രൂരമായി മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് യുവതി സഹോദരി സഫീലയ്ക്കും കൂട്ടുകാർക്കും അയച്ച ചിത്രങ്ങളും ശബ്ദരേഖകളുമാണ് പുറത്തുവന്നത്. 

ആറുവർഷം മുമ്പായിരുന്നു അഫീലയുടെ വിവാഹം. വിവാഹത്തിന് ശേഷം കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരമായി ഉപദ്രവിച്ചിരുന്നതായി യുവതിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. നാലു വയസായ മുഹമ്മദ് അസിയാൻ ഏക മകനാണ്. ഉമ്മയുടെ മൃതദേഹം കാണാൻ ഭർതൃവീട്ടുകാർ കുട്ടിയെ വിട്ടുനൽകിയില്ല. ഇതേതുടർന്ന് രാത്രി ഏറെ വൈകിയാണ് യുവതിയുടെ മൃതദേഹം രാങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.

Next Post Previous Post