Header Ads Widget

പാലക്കാട് യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

policeman-arrested-in-palakkad-anas-murder-case
പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പ്രധാന പ്രതിക്കൊപ്പമുണ്ടായിരുന്ന പോലീസുകാരനയാ റഫീഖിനെയാണ് രാത്രി വൈകി പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി ഫിറോസിൻ്റെ സഹോദരനാണ് പോലീസുകാരനായ റഫീഖ്. അട്ടപ്പാടിയിലെ തണ്ടർ ബോൾട്ട് ഉദ്യോഗസ്ഥനാണ് റഫീഖ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്.

റഫീഖിനെ രക്ഷിക്കാനായി സംഭവത്തിന്റെ തുടക്കം മുതൽ പോലീസ് വലിയ തരത്തിൽ ശ്രമിച്ചിരുന്നു. ഫിറോസ് യുവാവിനെ മർദ്ദിക്കുമ്പോൾ പിടിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു റഫീഖ് എന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. പിന്നീട് റഫീഖിൻ്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്നായി.എന്നാൽ സംഭവത്തിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യാഥാർഥ്യം പുറത്തായത്.

കൊല്ലപ്പെട്ട അനസിനെ അക്രമിക്കാനായി ഫിറോസിനെയും കൂട്ടി റഫീഖാണ് ബൈക്ക് ഓടിച്ചു വന്നത്. കൊലപാതക സമയത്തും, ആശുപത്രിയിൽ കൊണ്ടു പോകുമ്പോഴുമെല്ലാം ഫിറോസിനെപ്പം റഫീഖും ഉണ്ടായിരുന്നു. സഹോദരനെ തടയാനോ പിടിച്ചുമാറ്റാനോ ശ്രമിക്കുന്നില്ല. ഇതെല്ലാം പുറത്തു വന്ന സി.സി.ടി.വി ദൃശ്യങ്ങളിലും വ്യക്തമായി കാണാം. എന്നിട്ടും റഫീഖിനെ ഒഴിവാക്കി പോലീസ് കേസെടുത്തതിൽകൊല്ലപ്പെട്ട അനസിൻ്റെ കുടുംബം പരാതിയുമായി രംഗത്തുവന്നിരുന്നു.

ചൊവ്വാഴ്ചയാണ് പാലക്കാട് നഗരത്തിൽ മാനസിക രോഗിയായ അനസിന് ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദനമേറ്റു മരിച്ചത്. വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് അനസിനെ ബൈക്കിലെത്തിയ ഫിറോസ് മർദിച്ചത്. ബൈക്ക് ഓടിച്ചിരുന്നത് പൊലീസുകാരനായ സഹോദരൻ റഫീഖ് ആയിരുന്നു. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നും ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചെന്നും ഫിറോസ് പോലീന് മൊഴി നൽകി.