റിഫ മെഹ്നുവിന്റെ ആന്തരിക അവയവങ്ങള്‍ രാസ പരിശോധനക്ക്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ
പാവണ്ടൂര്‍ ജുമാ മസ്ഡിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ച റിഫയുടെ മൃതദേഹം ഇന്നലെയാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. കഴുത്തിൽ ആഴത്തിലുള്ള പാടുകൾ കണ്ടെത്തിയിരുന്നു. ഈ പാടുകൾ മുറിവിന്റേതാണോ എന്ന് വ്യക്തമല്ല.
റിഫയുടെ മരണത്തിൽ കൊലപാതകത്തിെൻറ സൂചനയുണ്ടെങ്കിൽ അന്വേഷണം ദുബൈയിലേക്കും നീളും. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിഫയുടെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റിഫയെ ഭര്‍ത്താവ് മെഹനാസ് മര്‍ദ്ദിക്കാറുണ്ടെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. എന്നാല്‍ റിഫയുടെ ഭര്‍ത്താവ് മെഹനാസും സുഹൃത്തുക്കളും പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു.