പുഴയിൽ മുങ്ങിയ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങി മരിച്ചു

a-father-drowns-while-trying-to-save-his-son-from-drowning-in-a-river
കൊച്ചി: പുഴയില്‍ മുങ്ങി താഴ്ന്ന  മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മുങ്ങി മരിച്ചു. വാരപ്പെട്ടി ഇഞ്ചൂര്‍ ചെക്ക് ഡാമിന് സമീപത്ത് പുഴയിലെ കയത്തില്‍ മുങ്ങിതാഴ്ന്ന മകന്‍ അമീറിനെ(12)നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് ഇഞ്ചൂര്‍ കുറുമാട്ടുകുടി എബി കെ അലിയാര്‍ (42)ആണ് മരിച്ചത്. അമീറിനെ നാട്ടുകാര്‍ രക്ഷപെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം എബിയും കുടുംബവും വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. '13 വഷങ്ങള്‍ പോയതറിയാതെ ' എന്ന കുറിപ്പോടെ ഭാര്യക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രം തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അപകടം.
മക്കളായ ആശീര്‍ ,ആദില്‍ ,അമീര്‍ എന്നിവരെയും കൂട്ടി സാധാരണ കുളിക്കാനിറങ്ങുന്ന കടവിലാണ് ഇവർ ഇറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ മകന്‍ അമീര്‍ കടവിൽനിന്ന് ദൂരത്തേക്ക് നീന്തുകയും കയത്തില്‍ അകപ്പെടുകയുമായിരുന്നു. ഇതുകണ്ട എബി മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയത്തിൽ മുങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സിന്റെ ഡിഫന്‍സ് സേനാംഗം റെജിയും സുഹൃത്ത് ജോസുമാണ് ആദ്യം രക്ഷപ്രവര്‍ത്തനത്തിനെത്തിയത്.

പിതാവും മകനും മുങ്ങിത്താഴുന്നത് ജോസ് കണ്ടിരുന്നു. വിവരം ഉടന്‍ റെജിയെയും അറിയിച്ചു. പിന്നാലെ ചെക്ക് ഡാമിന് മുകള്‍ ഭാഗത്ത് നിന്ന് റെജിയും മറ്റൊരുഭാഗത്തുനിന്ന് ജോസും പുഴയില്‍ച്ചാടി.ചുഴിയില്‍ മുങ്ങിത്താണിരുന്ന ഇരുവരെയും ജോസിന് പിടുത്തം കിട്ടിയെങ്കിലും ഒഴുക്കിന്റെ ശക്തി മൂലം എബി കൈവിട്ടുപോയി. ഇതിനകം നീന്തിയെത്തിയ റെജി അമീറിനെ കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും എബിയെ കണ്ടെത്താനായില്ല.

ഇതോടെ റെജി കോതമംഗലം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എസ് ടി ഒ കരുണാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബി സി ജോഷി, കെ കെ രാജു,എഫ്.പ്രദീപ്, എസ് അന്‍ഷാദ്, വൈശാഖ് ആര്‍ എച്ച്‌ ന്നിവര്‍ ചേര്‍ന്ന് കയത്തില്‍ നിന്നും എബിയുടെ മൃതദ്ദേഹം കണ്ടെടുക്കുകയായിരുന്നു. ഖബടക്കം നാളെ രാവിലെ 11-ന് മാതിരപ്പിള്ളി ജുമ മസ്ജീദില്‍ നടക്കും. ഗവണ്‍മെന്റ് പോളി ടെക്നിക്കില്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു എബി കെ അലിയാർ.

Next Post Previous Post