മർകസ് നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന് അനുമതി നിഷേധിച്ചത് രണ്ട് തവണ; ഗുരുതര ചട്ടലംഘനം, സ്റ്റോപ് മെമ്മോ

twice-denied-permission-for-a-collapsed-building-in-markaz-knowledge-city
താമരശ്ശേരി: കോഴിക്കോട് - കൈതപ്പൊയിലിലുള്ള മർകസ് നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന് നിര്‍മാണത്തിന് അനുമതി നിഷേധിച്ചത് രണ്ട് തവണ. കെട്ടിടത്തിന്‍റെ നിര്‍മാണത്തിന് അനുമതി നിഷേധിച്ചത് ചട്ടലംഘനം മൂലമെന്ന് കോടഞ്ചേരി പഞ്ചായത്ത് വ്യക്തമാക്കി. രണ്ട് തവണ തള്ളിയ അപേക്ഷ മൂന്നാം തവണ പഞ്ചായത്തിന്‍റെ പരിഗണനയിലിരിക്കെ ആണ് അനുമതിയില്ലാതെ കെട്ടിട നിര്‍മാണം തുടങ്ങിയത്. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ് പഞ്ചായത്ത്.

നിർമാണത്തിന് അനുമതി ഇല്ലെന്ന് മാത്രമല്ല, ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തിയാണ് കെട്ടിട നിര്‍മാണം നടത്തിയത് എന്നാണ് കോടഞ്ചേരി പ‍ഞ്ചായത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായിരിക്കുന്നത്. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തവണ പഞ്ചായത്ത് അപേക്ഷ നിരസിച്ചിരുന്നു. നോളജ് സിറ്റി അധികൃതര്‍ക്ക് തിരുത്തണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ തിരുത്തലുകള്‍ ഇല്ലാതെ മൂന്നാമതും അപേക്ഷ നല്‍കി. അതിനാല്‍ ഈ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കുന്നത് വൈകി. എന്നാല്‍ അനുമതിക്കൊന്നും കാത്തുനില്‍ക്കാതെ നിര്‍മാണം തുടങ്ങുകയായിരുന്നു. എന്നാല്‍ അനുമതിയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് നോളജ് സിറ്റി അധികൃതര്‍.

എന്നാൽ ഈ വാദം കോടഞ്ചേരി പഞ്ചായത്ത് പൂര്‍ണമായി തള്ളുന്നു. മറ്റു കെട്ടിടങ്ങള്‍ക്ക് വാങ്ങിയ അനുമതിയുടെ മറവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തി കബളിപ്പിച്ചതിന് നടപടിയെടുക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്.

Next Post Previous Post