Header Ads Widget

തിരൂരങ്ങാടി താലൂക്ക് ആശുപത്രി; കാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമാണം വൈകുന്നു

tirurangadi-taluk-hospital-construction-of-the-casualty-block-is-delayed
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പൊളിച്ചുനീക്കേണ്ട പഴയ ഡയാലിസിസ് കെട്ടിടം

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിർമാണം വൈകുന്നു. പഴയ ഡയാലിസിസ് കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിർമിക്കുന്നത്. എന്നാൽ കെട്ടിടം പൊളിച്ചു നീക്കാൻ മാസങ്ങൾക്ക് മുൻപ് അനുമതി ലഭിച്ചിട്ടും ഇതുവരെ പണി തുടങ്ങാൻ സാധിച്ചില്ല. പൊളിക്കാനുള്ള കെട്ടിടത്തിലെ ഡയാലിസിസ് എക്സ്റേ സെന്ററുകൾ മാറ്റുന്നത് മന്ദഗതിലായതാണ് കെട്ടിടം പൊളിച്ച് നീക്കാൻ തടസമാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വർഷം മുമ്പാണ് കാഷ്വാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ചത്. നിലവിലെ ഡയാലിസിസ് എക്സ്റേ സെന്ററുകൾ ഉൾക്കൊള്ളുന്ന കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 13.65 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കേണ്ടത്. ഡയാലിസിസ് സെന്റ്ർ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾക്കും മറ്റുമായി 33 ലക്ഷം രൂപ വകയിരുത്തി ടെൻഡർ പൂർത്തീകരിച്ചിട്ടുണ്ട്. ഡയാലിസിസ് സെന്റർ മാറ്റുന്നതിന് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ പണി ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇത് പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ഡയാലിസിസ് സെന്റർ മാറ്റുന്നത് എവിടെയും എത്തിയിട്ടില്ല.

എക്സ്റേ സെന്റർ മാറ്റാൻ ജനൽ പാളികൾ അടക്കം നഗരസഭ ഫണ്ട് അനുവദിച്ച് പണി പൂർത്തിയാക്കണം. ഇതിലേക്ക് നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല. കിഫ്ബി മുഖേനയാണ് പുതിയ കാഷ്വാലിറ്റി കെട്ടിടത്തിന് തുക അനുവദിച്ചത്. കിറ്റ്‌കോക്കിനാണ് നിർമാണ ചുമതല. ഡയാലിസിസ് സെന്റർ മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വർഷങ്ങൾക്ക് മുമ്പ് നഗരസഭ അധികൃതർ അറിയിച്ചിരുന്നു. പഴയ ഓപറേഷൻ തിയറ്റർ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നിർമാണവും ആരംഭിച്ചതാണ്.

പത്തിൽ താഴെഡയാലിസിസ് മെഷീൻ മാറ്റുന്നതിന് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. ഇപ്പോഴും അത് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇതിന് സമാനമായാണ് എക്സ്റേ സെന്റർ മാറ്റുന്ന നടപടിയും.

മുൻ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അവസാന വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 94 ലക്ഷം രൂപയുടെ പ്ര വൃത്തിയും തുടങ്ങാനായിട്ടില്ല. ജനറൽ വാർഡ് കെട്ടിടത്തിന്റെ ചോർച്ച തടയുന്നതിനുള്ള അറ്റകുറ്റപ്പണിയും വൈകിയതോടെ ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയും മറ്റു പ്രധാന ഭാഗങ്ങളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. ഈ വലിയ കെട്ടിടത്തിൽ ലാബ് മാത്രമാ ണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.