മൂന്നിയൂർ പഞ്ചായത്തിലെ റോഡ് തകർച്ച: ബഹുജന മാർച്ച് നടത്തി

road-collapse-in-moonniyur-panchayath-mass-march-was-held
തിരുരങ്ങാടി: മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലേക്ക് ആലുങ്ങൽ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. പാലക്കൽ മണ്ണട്ടമ്പാറ റോഡ് പൂർണമായും റീടാറിങ് നടത്തുകയും രണ്ടുവർഷത്തോളമായി ഏറെ ദുർഘട പാതയായി മാറിയ ആലുങ്ങൽ പ്രദേശത്തെ കേന്ദ്രീകരിക്കുന്ന മറ്റു അനുബന്ധ റോഡുകളുടെയും പ്രവർത്തിയോട് പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു മാർച്ച്.

പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പാലക്കൽ മണ്ണട്ടമ്പാറ റോഡ് പോലും പൂർണമായും പൂർത്തീകരിക്കാനുള്ള പദ്ധതിയില്ല. റോഡ് തകർന്നത് കാരണം ബസ് സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. മറ്റു വാഹനങ്ങളും ഓട്ടോറിക്ഷകളും വളരെ പ്രയാസപ്പെട്ടാണ് ഈ ദുർഘട പാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്.

22 കോടിയുടെ ജലനിധി പദ്ധതി നടപ്പാക്കാൻ വെട്ടിപ്പൊളിച്ച നല്ല റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ ഫണ്ടില്ല എന്ന് പറഞ്ഞു കൈയ് മലർത്തുന്ന പഞ്ചായത്ത് ഭരണസ മിതിയുടെ നിലപാടിനെതിരെ മാർച്ചിൽ പങ്കെടുത്ത നാട്ടുകാരുടെ വികാരം അലയടിച്ചു. മറ്റു പദ്ധതിക്ക് വേണ്ടി റോഡുകൾ വെട്ടി പൊളിക്കുമ്പോൾ അത് പൂർവ സ്ഥിതിയിലാക്കാൻ പര്യാപ്തമായ ഫണ്ടുകൾ വകയിരുത്താത്തതിലും ഒരു ആ സൂത്രണം ഇല്ലാത്ത പഞ്ചായത്ത് ഭരണത്തിലും പ്രതിഷേധിച്ച് ഏതാനും ആഴ്ചകൾ മുമ്പ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരി ച്ചിരുന്നു.

വെളിമുക്ക് ആലുങ്ങൽ നിന്നും രണ്ടര കിലോമീറ്റർ നടന്നാണ് മാർച്ച് പഞ്ചായത്ത് ഓഫീസിൽ പ്രവേശിച്ചത്. ആലുങ്ങൽ റോഡ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ബീരാൻ ഇല്ലിക്കൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മൊയ്തീൻ കോയ വെളിമുക്ക് അധ്യക്ഷത വഹിച്ചു. കടവത്ത് മൊയ്തീൻകുട്ടി, എൻ.പി. കൃഷ്ണൻ, പി.കെ. ബഷീർ, റാഫി പാലക്കൽ, പ്രഭാകരൻ കുന്നത്ത്, എ.വി. രാജൻ മാസ്റ്റർ, യു. സൈദലവി ഹസ്സൻ കടവത്ത്, ഇ. കുഞ്ഞിൻ ഹാജി, കെ. പി. യൂനുസ് സലീം എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ ഷാജി തുമ്പാണി സ്വാഗതവും റിയാസ് വെമ്പാല നന്ദിയും പറഞ്ഞു.