Header Ads Widget

ബന്ധുക്കളടക്കം പീഡനത്തിരയാക്കിയ പെണ്‍കുട്ടി തൂങ്ങിമരിച്ചനിലയിൽ

girl-who-was-tortured-by-her-relatives-was-found-hanging
തേഞ്ഞിപ്പലം: മലപ്പുറം - ബന്ധുക്കളടക്കം ലൈംഗിക പീഡനത്തിനിരയാക്കിയ പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ മാതാവിനും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് മാതാവ് പോലീസിന് നൽകിയ മൊഴി. കുട്ടിയെ സ്‌കൂളിലാക്കി വന്ന ശേഷം പല തവണ മകളെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് അവളുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് മാതാവ് പറയുന്നു.

രണ്ടു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായതായി പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദമുണ്ടായെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു അമ്മയുടെ ആരോപണം.

വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി താൻ പീഡനത്തിന് ഇരയായ വിവരം ആദ്യം വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ ബന്ധുക്കളടക്കം തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു വെളിപ്പെടുത്തല്‍.