Header Ads Widget

ചെമ്മാടിന്റെ തീരാശാപമായി പണിതീരാത്തൊരു ഷോപ്പിംഗ് കോംപ്ലക്സ്; നിർമാണം വീണ്ടും നിലച്ചു

chemmad-an-unfinished-shopping-complex-construction-stopped-again
തിരൂരങ്ങാടി: ചെമ്മാടിന്റെ ഹൃദയഭാഗത്ത് പണിതീരാത്തൊരു കെട്ടിടം യാത്രക്കാർക്കും നാട്ടുകാർക്കും തീരാശാപമായി മാറി. ചെമ്മാട് കൊടിഞ്ഞിറോഡ് ജംഗ്‌ഷനോട് ചേർന്ന് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമാണമാണ് നിലച്ചത്. ലേലം ചെയ്ത മണ്ണ് നീക്കം ചെയ്യാത്തതിനെത്തുടർന്ന് നിർമാണ പ്രവൃത്തി നിർത്തി വെച്ചിട്ട് രണ്ട് മാസത്തോളമായി. കഴിഞ്ഞ ജൂലൈയിൽ നിർമാണ പ്രവർത്തി ആരംഭിച്ചെങ്കിലും ഇവിടുത്തെ മണ്ണ് വെഞ്ചാലിയിലെ നഗരസഭ മാലിന്യ സംസ്കരണ ഭൂമിയിലേക്ക് മാറ്റിയത് വിവാദമായിരുന്നു.

2020 ഒക്ടോബർ 17 നാണ് ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിരൂരങ്ങാടി എം.എൽ.എ നിർവ്വഹിച്ചത്. ആറ് കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. നഗരസഭ 2021-22 പ്രഥമ ബജറ്റിൽ 1.5 കോടി രൂപ തനത് ഫണ്ടിൽ നിന്നും വകയിരുത്തിയിരുന്നു. ബാക്കി വരുന്ന 4.5 കോടി രൂപ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭ്യമാക്കിയാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തി പൂർത്തീകരിക്കുക.

ഭൂഗർഭ നിലക്ക് പുറമേ മൂന്ന് നിലകളിലായി 2445 ച.മീ. ചുറ്റളവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഭൂഗർഭനിലയിൽ പാർക്കിംഗിന് പുറമേ കംഫർട്ട് സ്റ്റേഷൻ, ദീർഘദൂരയാത്രക്കാർക്കുള്ള ശുചിമുറി എന്നിവയും തറനിലയും ഒന്നും രണ്ടും നിലകളും വാണിജ്യ ആവശ്യങ്ങൾക്ക് പരസ്യലേലം വഴി അനുവദിക്കും. മൂന്നാം നിലയിൽ നഗരസഭാ പരിധിയിലെ വിവിധ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും അതിഥികൾക്കും താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാകും. രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പഴയ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടോളമായി.വർഷങ്ങളോളം സമയമെടുത്താണ് പഴയ കെട്ടിടത്തിൽനിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചതും കെട്ടിടം പൊളിച്ചുനീക്കിയതും. പിന്നീട് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും വർഷങ്ങളെടുത്തു. അവസാനം നിർമാണം ആരംഭിച്ചിട്ടും കെട്ടിടത്തിന്റെ ശാപം വിട്ടുപോയില്ല. എത്രയും പെട്ടെന്ന് നിർമാണം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read: തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് മണ്ണ് കടത്ത്; അന്വേഷിക്കാൻ ഉത്തരവ്

Also Read: അനധികൃത മണ്ണ് കടത്ത്; തിരൂരങ്ങാടി നഗരസഭക്ക് പിഴ ചുമത്തി ജിയോളജി വകുപ്പ്