ജനങ്ങളുടെ ഉറക്കം കെടുത്തിയ കാട്ടുപന്നി ഒടുവിൽ പിടിയിൽ

wild-boar-was-caught
തിരൂരങ്ങാടി: മാസങ്ങളായി വിവിധ ഭാഗങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ ഒടുവിൽ പിടികൂടി. ഇന്നലെ രാവിലെ പതിനൊന്നോടെ വേങ്ങര കൂരിയാട് മാതാട് തോടിന് സമീപത്തുനിന്നാണ് വനംവകുപ്പ് അധികൃതർ പന്നിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഏഴോടെ തോടിന് സമീപത്താണ് പന്നിയെ കണ്ടത്. നാട്ടുകാർ തിരച്ചിൽ നടത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയ പന്നി വയലിനോട് ചേർന്നുള്ള കുഴിയിൽ വീഴുകയായിരുന്നു.

നാട്ടുകാർ നിലമ്പൂർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ അംജിത്, ബി.ഫ്.ഒ റിയാസ്, വാച്ചർ നിസാർ, ഡ്രൈവർ അനീഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ കസ്‌മ ക്ലബ് പ്രവർത്തകരായ അലി, അസിം, ഷബീറലി അബൂബക്കർ സിദ്ദീഖ് എന്നിവരുടെ സഹകരണത്തോടെ പന്നിയെ കുഴിയിൽ നിന്നു കരയിലെത്തിച്ചു.

കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ ഗണത്തിൽ പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി


അതേസമയം  കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ ഗണത്തിൽ പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍.തള്ളി. കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കില്ല. കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചതായി ശശീന്ദ്രന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചു.