തിരൂരങ്ങാടി താലൂക്ക് ആശുപത്രി കാന്റീൻ അടച്ചു; അടച്ചിട്ടത് പൊതിച്ചോർ വിതരണം തുടങ്ങിയതിനെത്തുടർന്ന്

tirurangadi-taluk-hospital-canteen-closed
തിരൂരങ്ങാടി: മലപ്പുറം - തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചിട്ടു. കച്ചവടമില്ലാത്തതിനാൽ ഭീമമായ വാടക നൽകി നടത്തികൊണ്ടുപോവാൻ കഴിയാത്തതിനാൽ അടച്ചിടുകയാണെന്ന് നടത്തിപ്പുകാരൻ പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന കാന്റീൻ കഴിഞ്ഞ മാസം 27 മുതലാണ് പ്രവർത്തിച്ചു തുടങ്ങിയത്. മാസം 80,000 രൂപ ക്കായിരുന്നു പെരുവള്ളൂർ - പറമ്പിൽ പീടിക സ്വദേശി വാടകക്ക് എടുത്തിരുന്നത്.

ഇതിനിടെയാണ് ആശുപത്രിയിൽ ലയൺസ് ക്ലബ്, സായിസേവാ സമിതി എന്നിവയുടെ നേതൃത്വത്തിൽ രാവിലെ ഉച്ച ക്കഞ്ഞിയും, ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചക്ക് പൊതിച്ചോർ വിതരണം ആരംഭിച്ചത്.

എന്നാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെയോ നഗരസഭയുടെയോ അനുമതിയില്ലാത്തതിനാൽ ആശുപത്രിയിൽ വിതരണം ചെയ്യുന്നത് അധികൃതർ തടഞ്ഞിരുന്നു. തുടർന്ന് ഡിവൈഎഫ്ഐ ആശുപത്രിക്ക് പുറത്ത് വെച്ച് വിതരണം തുടങ്ങിയത് കാന്റീൻ നടത്തിപ്പിനെ ബാധിച്ചു.

തുടർന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുമായുണ്ടാക്കിയ കരാറിന് വിരുദ്ധമായാണ് സന്നദ്ധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് കാന്റീൻ നടത്തിപ്പിക്കാർ നഗരസഭക്ക് കത്തു നൽകിയിരുന്നു. എന്നാൽ ഭക്ഷണം വിതരണം തടയുന്നത് പ്രശ്നങ്ങൾക്ക് ഇടവരുത്തും എന്നതിനാൽ നഗരസഭ തടഞ്ഞില്ല, ആശുപത്രിയുടെ ഉള്ളിൽ വിതരണം ചെയ്യാൻ അനുമതി നല്കിയതുമില്ല.

ഉച്ചക്കഞ്ഞിയും പൊതിച്ചോറും സന്നദ്ധ സംഘടനകൾ നൽകുന്നതിനാൽ ആകെ ചായയും വെള്ളപ്പവും മാത്രം കച്ചവടം ചെയ്താൽ ഭീമമായ വാടകയും ജോലിക്കാരുടെ ശമ്പളവും നൽകാൻ സാധിക്കില്ലെന്നും അതിനാൽ കാന്റീൻ അടച്ചിടുകയാണെന്നും കരാറുകാരൻ പറഞ്ഞു.

എന്നാൽ കാന്റീൻ അടച്ചതോടെ ഉച്ചക്കഞ്ഞിയും പൊതിച്ചോറും ഇല്ലാത്ത സമയങ്ങളിൽ രോഗികൾ ദുരിതത്തിലായി. രാത്രി ഭക്ഷണം, ചൂടുവെള്ളം എന്നിവക്ക് അങ്ങാടിയിൽ പോകേണ്ട അവസ്ഥയാണ്. രാവിലെ ഒപി യിൽ വരുന്നവരും വെള്ളവും ചായയും കുടിക്കാൻ പുറത്തു പോകേണ്ട അവസ്ഥയാണ്

Post a Comment

Previous Post Next Post