തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് മണ്ണ് കടത്ത്; അന്വേഷിക്കാൻ ഉത്തരവ്

ഷോപ്പിങ് കോംപ്ലക്സ് ഭൂമി - ഫയൽ ചിത്രം

റീജനൽ ജോയൻറ് ഡയറക്ടർക്ക് അന്വേഷണ ഉത്തരവ് നൽകി നഗരകാര്യ ഡയക്ടർ

സംഭവം നടന്നത് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് 

തിരൂരങ്ങാടി: നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തി മറിച്ച് വിറ്റതുമായി ബന്ധപ്പെട്ട പരാതിയിൽ റീജനൽ ജോയൻ ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ട് നഗരകാര്യ ഡയറകർ, ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ രാത്രിയിൽ അനധികൃതമായി മണ്ണ് കടത്തി കൊണ്ടുപോയതിന് എ.ഐ.വൈ.എഫ് പ്രവർത്തകർ ജില്ല ജിയോളജിസ്റ്റിന് രേഖാമൂലം പരാതി നൽകിയിരുന്നു.
തുടർന്ന് പരിശോധനക്കെത്തിയ ജിയോളജി വകുപ്പ് അധികൃതർ മണ്ണ് കടത്ത് സ്ഥിരീകരിക്കുകയും നഗരസഭക്ക് 18,400 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

എന്നാൽ പിഴത്തുക പൊതുഫണ്ടിൽനിന്ന് ഒടുക്കിയതിനെ തുടർന്ന് മണ്ണ് കടത്ത് മൂലം സർക്കാറിനുണ്ടായ ധനനഷ്ടം തിരിച്ചു പിടിക്കാനും മണ്ണ് കടത്തിന് കൂട്ടുനിന്ന നഗരസഭ ഉദ്യോഗസ്ഥ-അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റ് എം.പി. സ്വാലിഹ് തങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് നഗരകാര്യ ഡയറക്ടർ കോഴിക്കോട് റീജനൽ ജോയൻറ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടത്. മണ്ണ് കടത്തുമുലം സർക്കാറിനുണ്ടായ നഷ്ടം തിരിച്ചുപിടിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എ.ഐ.വൈ.എഫ് പരാതി നൽകിയിരുന്നത്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് നഗരസഭ ഷോപ്പിംഗ്‌ കോംപ്ലക്സ് നിർമ്മാണ സ്ഥലത്തെ ഭൂമിയിൽ നിന്ന് മണ്ണ് പുറത്തേക്ക് കൊണ്ടുപോയത്. സംഭവത്തിൽ സിപിഎം പ്രവർത്തകർ മണ്ണ് കടത്ത് തടയുകയും, എ.ഐ.വൈ.എഫ് പ്രവർത്തകർ മണ്ണ് കടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ നിർമ്മാണ സ്ഥലത്ത് നിന്നും 70 ക്യൂബിക് മീറ്റർ മണ്ണ് കടത്തികൊണ്ട് പോയതായി ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മൂന്ന് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മണ്ണ് പുറത്തേക്ക്  കൊണ്ടുപോകുന്നതിന് മുൻകൂർ റോയൽറ്റി അടക്കുകയോ ട്രാൻസിറ്റ് പാസുകൾ സമ്പാദിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് 70 ക്യൂബിക് മീറ്റർ അളവ് മണ്ണ് നീക്കം ചെയ്തതിന് റോയൽറ്റി, വില, പിഴ ഇനത്തിൽ 18,400 രൂപ അടക്കാൻ നോട്ടീസ് നൽകിയിരുന്നത്.