തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം ശിലാസ്ഥാപനം 27ന്

tirurangadi-govt-higher-secondary-school-stadium-foundation-stone
തിരൂരങ്ങാടി: മന്ത്രിയാണോ, എം.എൽ.എയാണോ ശിലാസ്ഥാപനം നിർവഹിക്കേണ്ടതെന്ന രാഷ്ട്രീയ തർക്കത്തിന് ഒടുവിൽ പരിസമാപ്തി ആയിരിക്കുന്നു. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങ് നവംബർ 27ന് നടത്താൻ ഒടുവിൽ തീരുമാനമായിരിക്കുന്നു. വൈകീട്ട് അഞ്ചു മണിക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് ശിലാസ്ഥാപന കർമം നടത്തുന്നത്. നേരെത്തെ സ്ഥലം എം.എൽ.എ കെ.പി.എ. മജീദ് ശിലാസ്ഥാനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

നേരെത്തെ ഒക്ടോബർ 18 നായിരുന്നു ശിലാസ്ഥാപന ചടങ്ങ് നിശ്ചയിച്ചിരുന്നത്. സ്ഥലം എം.എൽ.എ കെ.പി.എ.മജീദ് ശിലാസ്ഥാപനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് എന്നാൽ, സി.പി.എം-ലീഗ് തർക്കത്തെ തുടർന്ന് ചടങ്ങ് മാറ്റുകയായിരുന്നു. കായിക മന്ത്രിയെ ഉൾപ്പെടുത്താതെയുള്ള ശിലാസ്ഥാപനത്തിനെതിരെ ഇടതുപക്ഷം രംഗത്തെത്തുകയായിരുന്നു.

27ന് കായിക വകുപ്പ് മന്ത്രിയെകൊണ്ട് തന്നെ ശിലാസ്ഥാപനം നടത്താൻ നഗരസഭയും സ്കൂൾ അധികൃതരും തയാറായതോടെയാണ് തർക്കത്തിന് പരിസമാപ്തിആയത്. ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കുന്നതിനായി ഇന്ന് രാവിലെ ഒമ്പ തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേരും.

മുൻ എം.എൽ.എ പി.കെ. അബ്ദുറബ്ബാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി ഗവ.സ്‌കൂളിന്റെ വികസനത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ ലഭ്യമാക്കിയത്. തുടർന്ന് സ്‌കൂളിന്റെ നവീകരണ എസ്റ്റിമേറ്റ് വിലയിരുത്തി കിഫ്‌ബി ബോർഡ് 2.01 കോടി രൂപ മാത്രമാണ് നവീകരണത്തിന് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ചുറ്റുമതിലും ഗേറ്റുംനിർമിക്കും.

ഫുട്ബോൾ ഗ്രൗണ്ട്, ലോങ് ജംപ്-ഹൈജംപ് പിറ്റ്, ഓപൺ സ്റ്റേജ്, മിനി പവലിയൻ, ടോയ്ലറ്റ്, നടക്കാൻ ട്രാക്ക്, എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്നത്. നിലവിലെ ഗ്രൗണ്ട് ഒരു ഏക്കർ 60 സെന്റ് സ്ഥലമാണ്. ഇതിൽ ഒരു ഏക്കർ പത്ത് സെന്റ് സ്ഥലം മാത്രം ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ നവീകരണം നടക്കുക. സ്കൂൾ വിദ്യാർഥികൾക്കായി മാത്രമാണ് നവീകരണ പ്രവർത്തിനടക്കുന്നത്.

സ്കൂൾ വികസനത്തിന്റെ ഭാഗമായാണ് കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമായിട്ടുള്ളത്. സ്പോട്സ് കൗൺസിലിന് കീഴിലല്ലാതെ നിർമാണ പ്രവർത്തി നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് എത്രത്തോളം ഗ്രൗണ്ട് നവീകരണശേഷം ഉപയോഗിക്കാൻ സാ ധിക്കും എന്നതിൽ അവ്യക്തത തുടരുന്നുണ്ട്. സ്റ്റേഡിയത്തിൽ നിരവധിതവണ നവീകരണ പ്രവർത്തി നടന്നിട്ടുണ്ടെങ്കിലും കാട് മൂടി വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Post a Comment

Previous Post Next Post