നാണംകേടും സങ്കടവുമുണ്ട്; കര്‍ഷക നിയമം പിന്‍വലിച്ചതില്‍ കങ്കണ

there-is-shame-and-sorrow-kangana-ranaut
ഡല്‍ഹി: വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്. കര്‍ഷകരുടെ പ്രതിഷേധത്തിനു വഴങ്ങി പിന്‍വലിച്ച നടപടിയില്‍ നാണംകേടും സങ്കടവുമുണ്ടെന്ന് കങ്കണ ഇന്‍സ്റ്റഗ്രമില്‍ സ്‌റ്റോറിയിട്ടു.

‘നിയമം പിന്‍വലിച്ചത് തികച്ചും അന്യായമായിപ്പോയി. സങ്കടവും നാണക്കേടുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു പകരം തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും. പിന്‍വലിക്കണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി’- കങ്കണ ഇന്‍സ്റ്റഗ്രം സ്റ്റോറിയില്‍ കുറിച്ചു.

അതേസമയം, മറ്റൊരു പോസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് 'രാജ്യത്തിന്റെ മനഃസാക്ഷി ഗാഢ നിദ്രയിലായിരിക്കുമ്പോള്‍ ലാത്തിയും  ഏകാധിപത്യവുമാണ് ഏക പരിഹാരമെന്നും കങ്കണ പറയുന്നു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഗുരുനാനാക് ദിനത്തിലാണ് പ്രധനമന്ത്രിയുടെ പ്രഖ്യാപനം. പിന്നാലെ കര്‍ഷകരുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചും നന്ദി അറിയിച്ചും പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.

അതേസമയം വിവാദ നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിശ്വാസമില്ല. നിയമം പാര്‍ലമെന്റില്‍ റദ്ദാക്കുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

അതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന ആക്ഷേപവും ശക്തമാണ്.

Post a Comment

Previous Post Next Post