Header Ads Widget

സ്കൂളിലെ ലാബിൽ വെച്ച് അധ്യാപികയെ കടന്നുപിടിച്ചു; അധ്യാപകനെതിരെ നടപടി

teacher-assaulted-in-school-lab
ഇടുക്കി: സ്‌കൂളിലെ ലാബിൽ വച്ച് അധ്യാപികയെ കടന്നുപിടിച്ച സംഭവത്തിൽ അധ്യാപകനെതിരെ വകുപ്പ്തല നടപടി. നെടുങ്കണ്ടത്തെ സർക്കാർ ഹയർസെക്കന്‍ററി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ കൊല്ലം സ്വദേശി കെ.കെ. ഷാജി (45)യെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

അധ്യാപിക നൽകിയ പരാതിയിൽ വകുപ്പു തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നടപടിയുടെ ആദ്യഭാഗമായിട്ടാണ് സ്ഥലം മാറ്റം നൽകിയതെന്നാണ് വിവരം.

കഴിഞ്ഞ മാർച്ചിലായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. നാളുകളായി അധ്യാപികയോട് ഇയാൾ ലൈംഗികച്ചുവയോടെ അശ്ലീലം കലർന്ന ഭാഷയിൽ സംസാരിക്കുകയും അനുവാദമില്ലാതെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കുകയും ചെയ്‌തിരുന്നു. വകുപ്പ് അധികാരികളോട് വിഷയം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ ലാബിൽവച്ച് അധ്യാപകൻ തന്നെ കടന്ന് പിടിച്ചതോടെയാണ് അധ്യാപിക പോലീസിൽ പരാതി നൽകിയത്.

എന്നാൽ ബാഹ്യ സമ്മർദ്ധത്തെ തുടർന്ന് പോലീസിൽ നൽകിയ പരാതി അധ്യാപിക പിൻവലിച്ചിരുന്നു. പിന്നീട് വകുപ്പ് തലത്തിൽ പ്രിൻസിപ്പലിനും മേലധികാരികൾക്കും പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ സ്ഥലംമാറ്റ നടപടി ഉണ്ടായിരിക്കുന്നത്. വയനാട് ജില്ലയിൽ മാനന്തവാടിയിലേക്കാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്.