ഭാര്യാസഹോദരിയെ ബലാൽസംഗം ചെയ്തകേസിൽ യുവാവ് കുറ്റക്കാരനെന്ന് കോടതി

court-finds-young-man-guilty-of-raping-sister-in-law
മഞ്ചേരി: ഭാര്യാസഹോദരിയെ ബലാൽസംഗം ചെയ്തകേസിൽ യുവാവ് കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി കണ്ടെത്തി. ശിക്ഷാ വിധി ഈ മാസം 24ന് പ്രസ്താവിക്കും. കോഴിക്കോട് കാക്കൂർ സ്വദേശിയായ 33 കാരനാണ് പ്രതി. 17കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

2014 ഏപ്രിൽ 25നായിരുന്നു തുവ്വൂർ സ്വദേശിനിയുമായുള്ള പ്രതിയുടെ വിവാഹം. ദമ്പതികൾ എംഎസ്‌സി ക്രൂയിസ് കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യക്ക് അവധി ലഭിക്കാത്തതിനാൽ 2018 ജൂലൈ 29ന് തനിച്ചാണ് യുവാവ് തുവ്വൂരിലെ വീട്ടിലെത്തിയത്. പിറ്റേന്ന് ഭാര്യാമാതാവ് പരീക്ഷയെഴുതാനായി പുറത്ത് പോയി. ഭാര്യാപിതാവും ഇവർക്കൊപ്പം പോയതോടെ വീട്ടിൽ പെൺകുട്ടിയും പ്രതിയും വീട്ടിൽ തനിച്ചായി.

ഈ അവസരം മുതലെടുത്ത പ്രതി ഇവിടെ വെച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. 2018 ഒക്‌ടോബറിൽ അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതുവരെ പലതവണ ആവർത്തിച്ചതായും പരാതിയിൽ പറയുന്നു.

ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇത് ഇന്റർ നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനം. 2019 ജൂലൈ അഞ്ചിന് പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 11ന് യുവാവ് അറസ്റ്റിലാവുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിലവിലുണ്ട്.

Post a Comment

Previous Post Next Post