ഇടിമുഴിക്കലിലും കോൺക്രീറ്റ് ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

concrete-dividers-are-dangers-to-idimuzhikkal
ഇടിമുഴിക്കൽ: ദേശീയപാത ഇടിമുഴിക്കലിലും കോൺക്രീറ്റ് ഡിവൈഡറുകൾ അപകടക്കെണിയാകുന്നു. റോഡിൽ ഡിവൈഡറുള്ളതായി അറിയിപ്പ് സ്ഥാപിക്കുകയോ രാത്രിയിൽ വെക്തമായി കാണാനുതകുന്നവിധം റിഫ്ലക്ടർ വെക്കുകയോ ചെയ്യാതെ കോൺക്രീറ്റ് ബ്ലോക്കുകൾ ഡിവൈഡർ എന്ന പേരിൽ നിർത്തിവെക്കുകയാണ് ചെയ്തിട്ടുള്ളത്.

ഡിവൈഡർ സ്ഥാപിച്ചേടത്ത് ഇറക്കവും വളവുമാണ്. കൊളക്കുത്ത് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിഞ്ഞുപോകേണ്ടത് ഈ കവലയിലൂടെയാണ്. ഇവിടെ മിക്ക ദിവസങ്ങളിലും ഗതാഗത തടസങ്ങൾ ഉണ്ടാകാറുണ്ട്. അതൊഴിവാക്കി യാത്ര സുഗമമാക്കാനാണ് ഈയിടെ ഡിവൈഡറുകൾ സ്ഥാപിച്ചത്. എന്നാൽ മതിയായ സംവിധാനമൊരുക്കാതെയുള്ള ഈ നടപടി അപകടസാധ്യത കൂട്ടും.

ഇറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ അൽപ്പമൊന്ന് മാറിയാൽ വാഹനം ഡിവൈഡറിൽ ഇടിച്ചേക്കും. കയറിപ്പോകുന്ന വാഹനമാണെങ്കിലും അതിനു സാധ്യതയേറെയാണ്.

രാത്രിയായാൽ അപകടസാധ്യത ഇരട്ടിക്കുകയാണ്. ഇടിമുഴിക്കൽ അങ്ങാടിയിൽ മതിയായ വെളിച്ചവുമില്ല. കോൺക്രീറ്റ് ബ്ലോക്കുകൾ അടുപ്പിച്ചുവെച്ചാണ് ഡിവൈഡറുകൾ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്കാണ് ഡിവൈഡർ വലിയ ഭീഷണിയാകുന്നത്. വെളിച്ചം കുറവായ അങ്ങാടിയിൽ രാത്രി എതിരേ വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ഡിവൈഡർ കാണാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.

സൂചനാബോർഡുകളും റിഫ്ളക്ടറുകളും സ്ഥാപിച്ച് സുരക്ഷയൊരുക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.