Header Ads Widget

സഫ ഫാത്തിമയുടെ മരണം: അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം

kerala-kasargod-safa-fatima-death
കാസർകോട്: വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. കാസർകോട് മേൽപറമ്പ് ദേളിയിലെ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയായിരുന്ന സഫ ഫാത്തിമ (13) യെ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ടോടെ വീടിനക ത്ത് തൂങ്ങിയ നിലയിൽ മാതാവ് ഷാഹിന കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

സഫ ഫാത്തിമയുടെ മരണത്തിന് ഉത്തരവാദി സ്കൂളിലെ യുവ അധ്യാപകൻ ആണെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും കുട്ടിയുടെ പിതാവ് മൻസൂർ തങ്ങൾ പറഞ്ഞു. മൊബൈൽ ഫോൺ വഴി ചാറ്റ് ചെയ്താണ് അധ്യാപകൻ കുട്ടിയെ വശീകരിച്ചതെന്ന് പിതാവ് പറഞ്ഞു. പ്രിൻസിപ്പലിനോട് പരാതി പറഞ്ഞതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ സഫയെ മാനസികമായി ഏറെ തകർത്തതായി കുടുംബാംഗങ്ങൾ പറയുന്നു. ഇതേ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് സഫ ജീവനൊടുക്കിയത്.

അതേസമയം, അധ്യാപകനായ ഉസ്മാൻ പെൺകുട്ടിയുമായി പാതിരാത്രി വരെ സാമൂഹ്യമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ പെൺകുട്ടിയുടെ മാതാവിന്റെ മൊബൈൽ ഫോണിൽ നിന്നും അന്വേഷണ സംഘം ശേഖരിച്ചതയാണ് അറിയുന്നത്. സംഭവത്തിൽ ഐ.പി.സി. 174 പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. ആരോപണ വിധേയനായ അധ്യാപകൻ ഉസ്മാൻ ഒളി വിലാണെന്ന് പൊലിസ് പറഞ്ഞു. അതിനിടെ സഫയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഒരു ശബ്ദസന്ദേശം സുഹൃത്ത് വഴി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.