Header Ads Widget

നാര്‍ക്കോട്ടിക് ജിഹാദ്: എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്​ലാമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

jifri-muthukoya-thangal-says-react-to-love-jihad-and-narcotic-jihad
കോഴിക്കോട്: നാര്‍ക്കോട്ടിക് ലൗ ജിഹാദുകൾ ഇസ്ലാമിലില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. നിർബന്ധിച്ച് മതം മാറ്റരുതെന്നാണ് ഖുർആൻ പറയുന്നത്. അങ്ങനെ ആരെയും പ്രവാചകൻ ഇസ്ലാമിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തങ്ങൾ പറഞ്ഞു. നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സമസ്ത അവകാശ സംരക്ഷണ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

വിവാദ പരാമർശങ്ങൾ നടത്തിയ പാലാ ബിഷപ്പിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ച മന്ത്രി പി.എന്‍ വാസവന്റെ നിലപാട് ശെരിയല്ല. മോശം പ്രചാരണം നടത്തുന്നവരെ മന്ത്രിമാര്‍ നേരിട്ട് കണ്ട് പ്രോത്സഹനം നല്‍കുന്നത് വേദനിപ്പിക്കുന്നതാണ്. മത നേതാക്കളില്‍ നിന്ന് അത്തരം പ്രസ്താവനകള്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു.

മതം നോക്കിയല്ല മനുഷ്യര്‍ പ്രണയിക്കുന്നത്. മതം നോക്കാതെ പ്രണയ ബന്ധങ്ങള്‍ നിരവധി നടക്കുന്നുണ്ട്. അതൊരു മതത്തോട് മാത്രം കൂട്ടിക്കെട്ടേണ്ട, ഇസ്ലാമില്‍ മതം മാറ്റത്തിനായി ഒരു ജിഹാദില്ല. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇസ്ലാമിന് പരിചയമില്ല. അത്തരം തെറ്റുകള്‍ ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിയെടുക്കണം. ജിഹാദ് എന്ന വാക്ക് ഉള്ളതു കൊണ്ട് എല്ലാവർക്കും വന്നു കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാമെന്നും തങ്ങൾ പറഞ്ഞു.