ഇടത്​ കൊടുങ്കാറ്റിൽ ലീഗ്​ കോട്ടകളും ഇളകിയാടി

muslim-league-forts-were-also-shaken-by-the-storm-on-left
ഏത് സുനാമിയിലും  ഒലിച്ചുപോകാതെ നിലനിന്നിരുന്ന ലീഗ് കോട്ടകളും ഇത്തവണ  ആടിയുലഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഇരമ്പിയെത്തിയ ഇടതു സുനാമിയിൽ മലപ്പുറത്തെയും കാസർകോട്ടെയും സിറ്റിങ് സീറ്റുകൾ നിലനിർത്തിയത് മാത്രമാണ് ലീഗിന് ആശ്വാസം. അന്തിമ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ  22 സീറ്റുകളോളം നേടുമെന്ന്  പ്രതീക്ഷിച്ചിരുന്ന ലീഗിന് നേടാനായത് 15 സീറ്റുകൾ മാത്രമാണ്. മലപ്പുറം ജില്ലയിൽ നിന്നും നേടിയ 11സീറ്റുകളും കാസർകോട്ട് നിന്നുള്ള രണ്ടുസീറ്റുകളുമാണ് ലീഗിനെ ഇടതു സുനാമിയിലും പിടിച്ചുനിർത്തിയത്.

ഏറെ പ്രതീക്ഷഉണ്ടായിരുന്ന കോഴിക്കോട് ജില്ലയിൽ  ലീഗിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വനിത സ്ഥാനാർഥിയെ പരീക്ഷിച്ച കോഴിക്കോട് സൗത്ത്, വിജയപ്രതീക്ഷ പുലർത്തിയിരുന്ന തിരുവമ്പാടി, കുന്ദമംഗലം എന്നിവയും ലീഗിനെ കൈവിട്ടു. സിറ്റിങ് സീറ്റായ കുറ്റ്യാടിയിൽ ശക്തമായ മത്സരത്തിനൊടുവിൽ പാറക്കൽ അബ്ദുല്ലയും പരാജയപെട്ടു. എം.കെ മുനീർ കൊടുവള്ളി സീറ്റ് തിരിച്ചുപിടിച്ചത് മാത്രമാണ് ജില്ലയിൽ ലീഗിന് ഏക ആശ്വാസം.

കെ.എം ഷാജിക്ക് അഴീക്കോട്ടും യുവനേതാവ് പി.കെ ഫിറോസിന് താനൂരിലും അടിതെറ്റിയത് ലീഗിന് കനത്ത തിരിച്ചടിയായി. അവസാന റൗണ്ട് വരെ മാറിമറിഞ്ഞ ഫലത്തിനൊടുവിൽ പെരിന്തൽമണ്ണയിൽ വെറും 30ഓളം വോട്ടുകൾക്കാണ് നജീബ് കാന്തപുരം രക്ഷപെട്ടത്.

മധ്യകേരളത്തിൽ ലീഗിന്‍റെ ഉറച്ച കോട്ടയായ കളമശ്ശേരിയിൽ സി.പി.എമ്മിലെ പി.രാജീവ് 10000ത്തിലേറെ വോട്ടുകൾക്ക് വിജയിച്ചുകയറിയപ്പോൾ അട്ടിമറി പ്രതീക്ഷയുണ്ടായിരുന്ന ഗുരുവായൂർ എൽ.ഡി.എഫ് അനായാസം ജയിച്ചുകയറി. ഇടതു തരംഗത്തിലും മണ്ണാർക്കാട് വീഴാതെ കാത്ത എൻ.ഷംസുദ്ദീൻ ലീഗിനെ വൻ രാഷ്ട്രീയ ദുരുന്തത്തിൽ നിന്നും രക്ഷപെടുത്തി. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് അബ്ദുസമദ് സമദാനി ലോക്സഭയിേലക്ക് വിജയിച്ചത് ആശ്വാസമായി. ലോക്സഭയിൽ നിന്നും രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച അഖിലേന്ത്യാ സെക്രട്ടറി കുഞ്ഞാലിക്കുട്ടി വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും.