കോവിഡ് ബാധിതരുടെ വർധനവ്:കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

increase-covid-victims
മലപ്പുറം: കോവിഡ് ബാധിതരാകുന്നവരുടെ പ്രതിദിന എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണണം. രോഗനിര്‍വ്യാപനത്തിനായി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്. ജനകീയ സഹകരണത്തോടെ മാത്രമെ ഈ മഹാമാരിക്കാലത്തെ അതിജീവിക്കാനാകൂ എന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അകാരണമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതും അനുവദിക്കില്ല. വാര്‍ഡുതല ആര്‍.ആര്‍.ടികളുടെ നേതൃത്വത്തില്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു
Previous Post Next Post