അനധികൃത മണ്ണ് കടത്ത്; തിരൂരങ്ങാടി നഗരസഭക്ക് പിഴ ചുമത്തി ജിയോളജി വകുപ്പ്

illegal soil smuggling
നിർദിഷ്ട ഷോപ്പിങ് കോംപ്ലക്സ് ഭൂമി - ഫയൽ ചിത്രം

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ നിർമിക്കാനിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമാണ സ്ഥലത്ത് നിന്ന് മണ്ണ് കൊണ്ടുപോയ സംഭവത്തിൽ തിരൂരങ്ങാടി നഗരസഭ സെക്രട്ടറിക്ക് പിഴ ഒടുക്കാൻ ജിയോളജി വകുപ്പിന്റെ നോട്ടീസ്. 18,400 രൂപ പിഴ ഒടുക്കാനാണ് ജിയോളജി വകുപ്പ്  നോട്ടീസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവിലാണ്  നഗരസഭ ഷോപ്പിംഗ്‌ കോംപ്ലക്സ്  നിർമ്മാണ സ്ഥലത്തെ ഭൂമിയിൽ നിന്ന് മണ്ണ് പുറത്തേക്ക് കൊണ്ടുപോയത്. സംഭവത്തിൽ  സിപിഎം പ്രവർത്തകർ മണ്ണ് കടത്ത് തടയുകയും, എ.ഐ.വൈ.എഫ് പ്രവർത്തകർ മണ്ണ് കടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ  നിർമ്മാണ സ്ഥലത്ത് നിന്നും 70 ക്യൂബിക് മീറ്റർ മണ്ണ് കടത്തികൊണ്ട് പോയതായി ജിയോളജി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന് നഗരസഭ ബിൽഡിംഗ് പെർമിറ്റും ഡെവലപ്മെന്റ് പെർമിറ്റും നൽകിയിട്ടുണ്ടോ എന്നതിനും മണ്ണ് പുറത്തേക്ക് കടത്തിയതിന് തുടർ നടപടിയെടുക്കാത്തതിന് കാരണവും വിശദമായ റിപ്പോർട്ടും ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. നിർമ്മാണ സ്ഥലത്ത് നിന്ന് 40 ക്യൂബിക് മീറ്റർ മണ്ണ് പുറത്തേക്ക് നീക്കം ചെയ്തതിന്റെ വില കുറ്റക്കാരിൽ നിന്നും ഈടാക്കുന്നതിനും അറിയിച്ചിരുന്നു.


ജിയോളജി വകുപ്പിൻ്റെ അനുമതിയില്ലാതെയാണ്  മണ്ണ് കടത്തിയിരുന്നത്. പഴയ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നൽകിയ അനുമതിയുടെ മറവിലായിരുന്നു ഇത്തരത്തിൽ മണ്ണ് കടത്തിയിരുന്നത്. കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടുപോയതിന് ശേഷം കുഴിച്ചെടുത്ത മണ്ണാണ് രാത്രിയിൽ കൊണ്ടുപോയിരുന്നത്. പരാതിയെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഗരസഭാ സെക്രട്ടറിയോടും വില്ലേജ് ഓഫീസറോടും റിപ്പോർട്ട് തേടിയിരുന്നു,


തുടർ നടപടികൾ എടുക്കാത്തതിനാലും മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുൻകൂർ റോയൽറ്റി അടക്കുകയോ ട്രാൻസിറ്റ് പാസുകൾ സമ്പാദിച്ചില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് 70 ക്യൂബിക് മീറ്റർ അളവ് മണ്ണ് നീക്കം ചെയ്തതിന് റോയൽറ്റി, വില, പിഴ ഇനത്തിൽ 18,400 രൂപ അടക്കാനാണ്  നോട്ടീസ് നൽകിയിരിക്കുന്നത്.